ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് 336ല്‍ അവസാനിച്ചു; 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഓസ്‌ട്രേലിയ

186-6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ശര്‍ദുളും വാഷിങ്ടണ്‍ സുന്ദറും കരകയറ്റി കൊണ്ട് വരികയായിരുന്നു
വാഷിങ്ടണ്‍ സുന്ദര്‍/ഫോട്ടോ: എപി
വാഷിങ്ടണ്‍ സുന്ദര്‍/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് 336 റണ്‍സില്‍ അവസാനിച്ചു. 186-6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ശര്‍ദുളും വാഷിങ്ടണ്‍ സുന്ദറും കരകയറ്റി കൊണ്ട് വരികയായിരുന്നു. 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഓസ്‌ട്രേലിയക്ക് ഇപ്പോഴുള്ളത്.

ഗബ്ബയിലെ ഇന്ത്യയുടെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ശര്‍ദുളും, വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് സൃഷ്ടിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 62 റണ്‍സ് നേടി. 115 പന്തില്‍ നിന്ന് 9 ഫോറും രണ്ട് സിക്‌സും പറത്തി 67 റണ്‍സ് എടുത്താണ് ശര്‍ദുല്‍ താക്കൂര്‍ മടങ്ങിയത്.

123 റണ്‍സ് ആണ് ഏഴാം വിക്കറ്റില്‍ ശര്‍ദുളും, വാഷിങ്ടണ്‍ സുന്ദറും കൂടി കൂട്ടിച്ചേര്‍ത്തത്. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ ശതകം നേടുന്ന മൂന്നാമത്തെ മാത്രം ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും വാഷിങ്ടണ്‍ സുന്ദര്‍ ഇവിടെ സ്വന്തമാക്കി. അരങ്ങേറ്റത്തില്‍ ബാറ്റിങ്ങില്‍ 50 റണ്‍സും, മൂന്ന് വിക്കറ്റും വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം താരവുമായി വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം ദിനം പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 94 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയാണ് പൂജാര മടങ്ങിയത്. പിന്നാലെ 37 റണ്‍സ് എടുത്ത രഹാനേയും കൂടാരം കയറി. മായങ്കും പന്തും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അടുത്തടുത്ത് മായങ്കും പന്തും വീണു. 23 റണ്‍സ് എടുത്താണ് റിഷഭ് പന്ത് മടങ്ങിയത്. മായങ്ക് 38 റണ്‍സ് നേടി.

5 വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സല്‍വുഡ് ആണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും കമിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com