പൂജാരയും രഹാനെയും മടങ്ങി; ഓസീസ് പിടിമുറുക്കുന്നു; ഇനി പ്രതീക്ഷ മായങ്കും പന്തും

പൂജാരയും രഹാനെയും മടങ്ങി; ഓസീസ് പിടിമുറുക്കുന്നു; ഇനി പ്രതീക്ഷ മായങ്കും പന്തും
പൂജാരയുടെ പുറത്താകൽ ആഘോഷിക്കുന്ന ഓസ്ട്രേലിയൻ ടീം/ ട്വിറ്റർ
പൂജാരയുടെ പുറത്താകൽ ആഘോഷിക്കുന്ന ഓസ്ട്രേലിയൻ ടീം/ ട്വിറ്റർ

ബ്രിസ്‌ബെയ്ന്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. മൂന്നാം ദിനത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്ന ചേതേശ്വര്‍ പൂജാരയേയും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയേയും പുറത്താക്കിയാണ് ഓസീസ് മുന്‍തൂക്കം നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയില്‍. 38 റണ്‍സുമായി മായങ്ക് അഗര്‍വാളും 4 റണ്‍സുമായി ഋഷഭ് പന്തും ക്രീസില്‍. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 208 റണ്‍സ് കൂടി വേണം. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയെ പൂജാര- രഹാനെ സഖ്യം 100 കടത്തി. എന്നാല്‍ സ്‌കോര്‍ 105ല്‍ നില്‍ക്കെ പൂജാരയെ മടക്കി ഹെയ്‌സല്‍വുഡ് ഓസ്‌ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കി. 94 പന്തുകള്‍ നേരിട്ട് പൂജാര 25 റണ്‍സുമായി മടങ്ങി. പിന്നീട് രഹാനെയ്‌ക്കൊപ്പം മായങ്ക് അഗര്‍വാള്‍ ചേര്‍ന്നതോടെ ഇന്ത്യ വീണ്ടും മുന്നോട്ട് പോയി. 

സ്‌കോര്‍ 144ല്‍ നില്‍ക്കെ രഹാനെയെ മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയതോടെ ഇന്ത്യ വീണ്ടും ബാക്ക് ഫൂട്ടിലായി. 93 പന്തുകള്‍ നേരിട്ട് രഹാനെ 37 റണ്‍സുമായി മടങ്ങി. 

മികച്ച രീതിയില്‍ ബാറ്റ് വീശുന്ന മായങ്ക് അഗര്‍വാളും കൂട്ടിന് രണ്ട് റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഈ യുവ ബാറ്റ്‌സ്മാന്‍മാരിലാണ് ഇനി. 

നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 369 റണ്‍സില്‍ അവസാനിച്ചിരുന്നു. മാര്‍നസ് ലബുഷെയ്ന്‍ നേടിയ സെഞ്ച്വറി (108)യുടെ കരുത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com