'നിങ്ങള്‍ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകള്‍'- മുഹമ്മദ് സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

'നിങ്ങള്‍ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകള്‍'- മുഹമ്മദ് സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
മുഹമ്മദ് സിറാജ്/ പിടിഐ
മുഹമ്മദ് സിറാജ്/ പിടിഐ

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുടെ പ്രധാന ബൗളര്‍മാരെല്ലാം പരിക്കേറ്റ് പുറത്തായപ്പോള്‍ നാലാം ടെസ്റ്റിലെ ഇന്ത്യന്‍ ബൗളിങിന് പുതിയ മുഖമായിരുന്നു. അതിന്റെ അമരക്കാരനാകട്ടെ മൂന്നാം ടെസ്റ്റ് കളിക്കാനിറങ്ങിയ മുഹമ്മദ് സിറാജും. എന്നാല്‍ തന്നില്‍ എല്‍പ്പിച്ച ദൗത്യം വളരെ മനോഹരമായാണ് മുഹമ്മദ് സിറാജ് പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കരിയറില്‍ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് മുഹമ്മദ് സിറാജ് ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായത്. ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റടക്കം മൊത്തം ആറ് വിക്കറ്റുകള്‍ മുഹമ്മദ് സിറാജ് നാലാം പോരില്‍ വീഴ്ത്തി.

ടെസ്റ്റ് പരമ്പരയ്ക്കിടയ്ക്ക് വച്ചാണ് മുഹമ്മദ് സിറാജിന്റെ പിതാവ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ മുഹമ്മദ് സിറാജിന് ബിസിസിഐ അനുവാദവും നല്‍കി. എന്നാല്‍ നാട്ടിലേക്ക് മടങ്ങാതെ കളി തുടരാനായിരുന്നു താരത്തിന്റെ തീരുമാനം. താരം നേടിയ അഞ്ച് വിക്കറ്റിന്റെ മികവിലാണ് ഇന്ത്യ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സില്‍ അവസാനിപ്പിച്ചത്. കാണികളില്‍ നിന്ന് നിരന്തരം വംശീയ അധിക്ഷേപമടക്കം നേരിടേണ്ടി വന്ന താരം കൂടിയാണ് മുഹമ്മദ് സിറാജ്. അതിനെയെല്ലാം ഇച്ഛാശക്തി കൊണ്ട് മറികടന്നാണ് മുഹമ്മദ് സിറാജ് താരമായത്.

ഇപ്പോഴിതാ മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനത്തെ പുകഴ്ത്തി മുന്‍ താരങ്ങള്‍ രംഗത്തെത്തി. പേസര്‍ ആര്‍പി സിങ്, ആകാശ് ചോപ്ര എന്നിവര്‍ താരത്തെ അഭിനന്ദിച്ച് ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.

അഭിനന്ദനങ്ങള്‍ സിറാജ്! നിങ്ങളെ ഓര്‍ത്ത് പിതാവ് അഭിമാനിക്കുന്നുണ്ടാകും. എക്കാലവും ഓര്‍മിക്കപ്പെടുന്ന പരിശ്രമമാണ് ഈ അഞ്ച് വിക്കറ്റ് നേട്ടം. ഇനി നമ്മുടെ ബാറ്റ്‌സ്മാന്‍മാരാണ് അവസരം മുതലാക്കേണ്ടത്. മികച്ച ഫലത്തിനായാണ് കാത്തിരിക്കുന്നത്. ആര്‍പി സിങ് കുറിച്ചു.

പിതാവ് മരിച്ചിട്ടും ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുന്നു. വംശീയമായി നിരന്തരം അക്ഷേപിക്കപ്പെട്ടു. എന്നാല്‍ അതൊന്നും ബാധിക്കാതെ മുന്നില്‍ നിന്ന് നയിച്ച് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് നിങ്ങളോട് സ്‌നേഹവും ബഹുമാനവും എന്നായിരുന്നു ആകാശ് ചോപ്ര കുറിച്ചത്.

ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ച ശേഷം പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് സിറാജിന് ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതും ശ്രദ്ധേയമായി. ഇതിന്റെ വീഡിയോ ബിസിസിഐ ട്വിറ്റര്‍ പേജില്‍ പങ്കിടുകയും ചെയ്തു. പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യന്‍ പേസ് അറ്റാക്കിന്റെ നായകന്‍ ജസ്പ്രിത് ബുമ്‌റ മുഹമ്മദ് സിറാജിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതും ശ്രദ്ധേയമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com