ഒരു സെഷന്‍ ബാക്കി, ജയിക്കാന്‍ 145 റണ്‍സ്; ഗബ്ബാ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സമനിലയിലാക്കാനാണെങ്കില്‍ ചായക്ക് പിരിഞ്ഞതിന് ശേഷം പിടിച്ചു നില്‍ക്കേണ്ടത് 36 ഓവറും
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനം ഒരു സെഷന്‍ ശേഷിക്കെ 145 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാനായി വേണ്ടത്. സമനിലയിലാക്കാനാണെങ്കില്‍ ചായക്ക് പിരിഞ്ഞതിന് ശേഷം പിടിച്ചു നില്‍ക്കേണ്ടത് 36 ഓവറും.

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച റിഷഭ് പന്തില്‍ തന്നെയാണ് ഗബ്ബയിലും ആരാധകരുടെ പ്രതീക്ഷ. 64.3 ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 26 പന്തില്‍ നിന്ന് 10 റണ്‍സുമായി റിഷഭ് പന്തും, 174 പന്തില്‍ നിന്ന് 43 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍.

അവസാന ദിനം ആദ്യ സെഷനില്‍ രോഹിത്തിനെ നഷ്ടപ്പെട്ടാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലും, പൂജാരയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. 146 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും പറത്തി 91 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. കന്നി സെഞ്ചുറി നഷ്ടമായെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയാണ് ഗില്‍ ഓസീസ് പര്യടനം അവസാനിപ്പിച്ചത്.

റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് രഹാനെയുടെ വിക്കറ്റ് നഷ്ടമായത്. 22 പന്തില്‍ നിന്ന് 24 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്. ഒരു ഫോറും ഒരു സിക്‌സും അതിനോടകം രഹാനെയുടെ ബാറ്റില്‍ നിന്ന് വന്നിരുന്നു. ഒടുവില്‍ കമിന്‍സിന്റെ ഡെലിവറില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച് നായകന്‍ കൂടാരം കയറി.

ലിയോണിനെ കൊണ്ടുവന്ന പെയ്‌നിന്റെ ബൗളിങ് ചെയ്ഞ്ചാണ് ഇവിടെ ഗില്ലിനെ വീഴ്ത്തിയത്. ഔട്ട്‌സൈഡ് ഓഫായി എത്തിയ ലിയോണിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്മിത്തിന്റെ കൈകളിലേക്ക് എത്തി. പൊടുന്നനെ എത്തിയ ക്യാച്ച് കൈവിടാതെ സ്മിത്ത് ഓസ്‌ട്രേലിയക്ക് ബ്രേക്ക് നല്‍കി.

കമിന്‍സ് ആണ് രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. എറൗണ്ട് ഓഫായി എത്തിയ കമിന്‍സിന്റെ മൂവിങ് ഡെലിവറിയില്‍ രോഹിത്തിന് പിഴച്ചു. ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തി. 21 പന്തില്‍ നിന്ന് ഏഴ് റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com