'ഇന്ത്യയെ മറന്നേക്കൂ, ലോകം മുഴുവനുമാണ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്'; ഡ്രസ്സിങ് റൂമില്‍ തീ പടര്‍ത്തി രവി ശാസ്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2021 11:08 AM |
Last Updated: 20th January 2021 11:08 AM | A+A A- |
രഹാനെ, രവി ശാസ്ത്രി/ വീഡിയോ ദൃശ്യം
ബ്രിസ്‌ബെയ്ന്‍: ഇന്ത്യയെന്നല്ല, ലോകം മുഴുവന്‍ എഴുന്നറ്റ് നിന്ന് നിങ്ങളെ സല്യൂട്ട് ചെയ്യുകയാണ്...ഗബ്ബയില്‍ ഓസ്‌ട്രേലിയയുടെ ഉരുക്കു കോട്ട തകര്‍ത്ത് ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ നിന്ന് രവി ശാസ്ത്രി പറഞ്ഞു. ഇന്ന് നിങ്ങള്‍ ചെയ്തത് എന്നും ഓര്‍മിക്കുക...
ഗബ്ബ ടെസ്റ്റില്‍ ജയിച്ചു കയറാന്‍ ടീം പുറത്തെടുത്ത ധൈര്യത്തേയും, നിശ്ചയദാര്‍ഡ്യത്തേയും, സ്പിരിറ്റിനേയും ഡ്രസിങ് റൂമില്‍ സംസാരിക്കവെ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മൂന്ന് മിനിറ്റ് മാത്രം നീണ്ട രവി ശാസ്ത്രിയുടെ വാക്കുകള്‍. ഒറ്റത്തവണയല്ല നിങ്ങള്‍ വീണത്. പരിക്ക്, 36ന് ഓള്‍ഔട്ട്. എന്നിട്ടും നിങ്ങള്‍ നിങ്ങളില്‍ വിശ്വസിച്ചു, ശാന്തനായി നില്‍ക്കുന്ന രഹാനെയുടെ തൊട്ടടുത്ത് നിന്ന് ശാസ്ത്രി പറഞ്ഞു.
ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല ഇത്. ഒരു ടീം എന്ന നിലയില്‍ കളിയെ എവിടേക്ക് കൊണ്ടുപോയെന്ന് നിങ്ങള്‍ക്ക് കാണാം. ഇന്ന് നിങ്ങള്‍ക്ക് ഇന്ത്യ എന്നത് തന്നെ മറക്കാം. ഈ ലോകം മുഴുവനുമാണ് എഴുന്നേറ്റ് നിന്ന് നിങ്ങള്‍ക്ക് കയ്യടിക്കുന്നത്. ഇന്ന് ചെയ്തത് എന്നും ഓര്‍മിക്കുക. ഈ നിമിഷം നിങ്ങള്‍ ആസ്വദിക്കണം. അതിനെ പോകാന്‍ അനുവദിക്കരുത്. എത്രമാത്രം സാധിക്കുമോ അത്രയും ആസ്വദിക്കുക, ശാസ്ത്രി പറഞ്ഞു.
WATCH - Exclusive: Head Coach @RaviShastriOfc delivers a dressing room speech at Gabba.
— BCCI (@BCCI) January 19, 2021
A special series win in Australia calls for a special speech from the Head Coach. Do not miss!
Full https://t.co/kSk2mbp309 #TeamIndia pic.twitter.com/Ga5AaMvkim
മെല്‍ബണിലാണ് ഇത് തുടങ്ങിയത്. സിഡ്‌നിയില്‍ ഒന്നാന്തരമായി കളിച്ചു. അതാണ് ഇവിടേക്ക് കൂടുതല്‍ കരുത്തോടെ എത്താന്‍ സഹായിച്ചത്. ഇതുപോലൊന്ന് സാധ്യമാക്കി എടുക്കുക എന്നാല്‍ വിസ്മയിപ്പിക്കുന്നതാണ് അത്. ശുഭ്മാന്‍ ഗംഭീരമായി കളിച്ചു. പൂജാര, ഏറ്റവും വലിയ പോരാളിയായി നിങ്ങള്‍ അറിയപ്പെടും.
റിഷഭ്, വിശിഷ്ടമായിരുന്നു. നീ ബാറ്റ് ചെയ്ത വിധം, പല നിമിഷങ്ങളിലും നീ ഞങ്ങളില്‍ ഹൃദയാഘാതമുണ്ടാക്കി. പക്ഷേ നീ ഇന്ന് ചെയ്തത് ഗംഭീരമായിരുന്നു. തിരിച്ചടിക്കാന്‍ പാകത്തില്‍ ടീമിനെ എത്തിച്ച്, മൈതാന മധ്യത്ത് നിന്ന് ടീമിനെ രഹാനെ നിയന്ത്രിച്ച വിധം, ഉജ്വലമായിരുന്നു.
ഏറ്റവും ഒടുവിലായി ടി നടരാജനിലേക്കാണ്് ശാസ്ത്രി എത്തിയത്. ഈ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മൂന്ന് പേരെ മറന്ന് കളയാന്‍ സാധിക്കില്ല. നിങ്ങള്‍ പുറത്തെടുത്ത സ്പിരിറ്റാണ് ഓസ്‌ട്രേലിയയുടെ നട്ടെല്ല് തകര്‍ത്തത്. 180-6ലേക്ക് വീണതിന് ശേഷം 330-340 എന്നതിലേക്ക് എത്തുകയും എളുപ്പമല്ലായിരുന്നു, ശാസ്ത്രി പറഞ്ഞു.