റാങ്കിങ്ങില്‍ റിഷഭ് പന്തിന്റെ കുതിപ്പ്; ബാറ്റ്‌സ്മാന്മാരിലെ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍

ഗബ്ബ ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ 89 റണ്‍സോടെ പുറത്താവാതെ നിന്ന പന്ത് കരിയര്‍ ബെസ്റ്റ് ആയ 13ാം റാങ്കിലേക്കാണ് എത്തിയത്
റിഷഭ് പന്ത്/ ട്വിറ്റർ
റിഷഭ് പന്ത്/ ട്വിറ്റർ

ദുബായ്: ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ചരിത്ര ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ റിഷഭ് പന്തിന്റെ കുതിപ്പ്. ഗബ്ബ ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ 89 റണ്‍സോടെ പുറത്താവാതെ നിന്ന പന്ത് കരിയര്‍ ബെസ്റ്റ് ആയ 13ാം റാങ്കിലേക്കാണ് എത്തിയത്.

നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമതുള്ളത് പന്താണ്. 15ാം റാങ്കിലുള്ള സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പറാണ് രണ്ടാമത്. സിഡ്‌നി ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ 97 റണ്‍സ് എടുത്ത് ഇന്ത്യക്ക് പന്ത് വിജയ പ്രതീക്ഷയും നല്‍കിയിരുന്നു. ഗബ്ബ ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടിയാണ് പന്ത് ഓസ്‌ട്രേലിയ വിടുന്നത്.

ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചിലേക്ക് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് തിരികെ എത്തി. ശ്രീലങ്കയ്‌ക്കെതിരായ 228 റണ്‍സ് ഇന്നിങ്‌സിന്റെ ബലത്തിലാണ് റൂട്ടിന്റെ മുന്നേറ്റം. കരിയര്‍ ബെസ്റ്റ് റേറ്റിങ് പോയിന്റായ 738ലാണ് റൂട്ട് ഇപ്പോള്‍ നില്‍ക്കുന്നത്.

ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലും റാങ്കിങ്ങില്‍ മുന്നേറ്റം തുടര്‍ന്നു. 68ാം റാങ്കില്‍ നിന്ന് 47ാം റാങ്കിലേക്കാണ് ഗില്‍ എത്തിയത്. ഗബ്ബ ടെസ്റ്റില്‍ ഗില്ലിന്റെ 91 റണ്‍സ് ഇന്നിങ്‌സ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായിരുന്നു. പൂജാര ഒരു സ്ഥാനം മുന്‍പോട്ട് കയറി.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് 32 റാങ്ക് മുന്‍പിലേക്കേ് കയറി 45ാമത് എത്തി. ഗബ്ബ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സിറാജ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി. ഗബ്ബയിലെ ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി ബലത്തില്‍ ലാബുഷെയ്ന്‍ ആണ് മൂന്നാം സ്ഥാനം പിടിച്ചത്.

അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറിനും, ശര്‍ദുളിനും റാങ്കിങ്ങില്‍ സന്തോഷിക്കാന്‍ കാരണങ്ങളുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റിങ്ങില്‍ 82ാം സ്ഥാനത്തും, ബൗളിങ്ങില്‍ 97ാം സ്ഥാനത്തുമാണ്. ബാറ്റിങ്ങില്‍ 113ാം റാങ്ക് ആണ് ശര്‍ദുളിന്. ബൗളിങ്ങില്‍ 65.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com