'ശ്രീശാന്ത് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു, പതിവില്ലാതെ സഞ്ജുവിന്റെ അഭിനന്ദനം...' മുഹമ്മദ് അസ്ഹറുദ്ദീന് പറയാന്‍ ഏറെയുണ്ട്‌

റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് കരിയര്‍ ശരിയായ ദിശയില്‍ നീങ്ങുന്ന ഈ സമയം മനസ് തുറക്കുകയാണ് കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണര്‍...
മുഹമ്മദ് അസ്ഹറുദ്ദീന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
മുഹമ്മദ് അസ്ഹറുദ്ദീന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

കോവിഡ് ഇടവേളയ്ക്ക് ശേഷം ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് ഇന്ത്യ തിരികെ എത്തിയപ്പോള്‍ ക്രിക്കറ്റ് പ്രേമികളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നൊരു പേരാണ് ഉയര്‍ന്ന് കേട്ടത്...മുഹമ്മദ് അസ്ഹറുദ്ദീന്‍. മിനി ഇന്ത്യയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ടീമിനെ നിലം തൊടീക്കാതെ പറത്തി കാസര്‍കോട് തളങ്കരക്കാരന്‍ അസ്ഹറുദ്ദീന്‍ തലക്കെട്ടുകളില്‍ നിറഞ്ഞു.

മുംബൈയൈ തകര്‍ത്ത് അസ്ഹര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് 54 പന്തുകള്‍ മാത്രം നേരിട്ടാണ്. അതില്‍ നിന്ന് വാരിക്കൂട്ടിയത് 137 റണ്‍സ്. 9 ഫോറും 11 സിക്‌സും പറത്തി ഒരു ഇന്ത്യന്‍ താരത്തിന്റെ ടി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറി എന്ന നേട്ടത്തിലേക്ക് അസ്ഹര്‍ എത്തി.

റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് കരിയര്‍ ശരിയായ ദിശയില്‍ നീങ്ങുന്ന ഈ സമയം മനസ് തുറക്കുകയാണ് കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണര്‍...

ശ്രീശാന്തിന്റെ ഉമ്മ, സഞ്ജുവിന്റെ അഭിനന്ദനം...

മുംബൈക്കെതിരായ സെഞ്ചുറിക്ക് ശേഷം ഒരുപാട് പേര് അഭിനന്ദിച്ച് എത്തിയിരുന്നു. കളിക്കാര്‍, കമന്റേറ്റേഴ്‌സ് ഉള്‍പ്പെടെ ഒരുപാട് പേര്‍ എത്തി. ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയത് ശ്രീശാന്തിന്റേയും സഞ്ജുവിന്റേയും വാക്കുകള്‍ കേട്ടപ്പോഴാണ്. ശ്രീശാന്ത് ഇന്നിങ്‌സ് കഴിഞ്ഞ ഉടനെ വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.

സഞ്ജു സാധാരണ അങ്ങനെ എന്നോട് പറയാറില്ല. കാരണം സഞ്ജുവിന് അറിയാം സഞ്ജു ആണ് എന്റെ റോള്‍ മോഡല്‍ എന്ന്. സഞ്ജു എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ സാറ്റിസ്‌ഫൈഡ് ആയി പോകുമെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനെയുള്ള സഞ്ജു എന്നെ അഭിനന്ദിച്ച് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുന്‍പോട്ട് പോവാനാവാത്തതില്‍ നിരാശയുണ്ട്...

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിക്കാത്തതിന്റെ നിരാശയുണ്ട്. എന്നാല്‍  ടീം നന്നായി  കളിച്ചു. നാല് റണ്‍സിനേറ്റ തോല്‍വിയാണ് തിരിച്ചടിയായത്. പുറത്തായെങ്കിലും മുന്‍പെങ്ങുമില്ലാത്ത വിധം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇത്തവണ ടീമിനായതില്‍ സന്തോഷമുണ്ട്...

ആന്ധ്രയ്‌ക്കെതിരായ തോല്‍വിയല്ല തിരിച്ചടിയായത്...

നാല് മാച്ച് ഒരു വേദിയിലായിരുന്നു. ആന്ധ്രയ്‌ക്കെതിരെ കളിച്ചത് മറ്റൊരു ഗ്രൗണ്ടിലും. അവിടെ ബാറ്റിങ്ങിനെ സഹായിക്കുന്ന വിക്കറ്റ് ആയിരുന്നില്ല. ആ ഗ്രൗണ്ടിലെ ശരാശരി സ്‌കോര്‍ 133 ആണ്. ചെറിയ സ്‌കോര്‍ പിറക്കുന്ന ഗ്രൗണ്ട് ആണ് അത്. അങ്ങനെ വരുന്ന മത്സരങ്ങളില്‍ പ്രധാന ഘടകമാവുന്നത് ടോസ് ആണ്. അത് നമ്മുടെ നിയന്ത്രണത്തിലുമല്ല. ആദ്യ ഇന്നിങ്‌സില്‍ പന്ത് വല്ലാതെ ടേണ്‍ ചെയ്തു. ചെയ്‌സ് ചെയ്യാന്‍ ടീം എത്തുമ്പോള്‍ ഗ്രൗണ്ട് കുറച്ചു കൂടി ബെറ്റര്‍ ആവുകയും ചെയ്തു.

നമ്മള്‍ 112 റണ്‍സ് മുന്‍പില്‍ വെച്ചപ്പോള്‍ അവര്‍ വിജയ ലക്ഷ്യം മറികടന്നത് 17ാം ഓവറിലാണ്. ആന്ധ്രയ്‌ക്കെതിരായ ആ മത്സരം ജയിച്ചിരുന്നു എങ്കിലും ഹരിയാനക്കെതിരായ മത്സരം ജയിക്കാതെ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കുമായിരുന്നില്ല.

ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുംം

ഐപിഎല്ലിലേക്ക് എത്താനാവുമെന്ന പ്രതീക്ഷയുണ്ട്.  ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് പ്രിയപ്പെട്ട ടീമുകള്‍. മുംബൈ ഇന്ത്യന്‍സിനോട് വല്ലാത്ത അടുപ്പമുണ്ട്. വിരാട് കോഹ് ലി ഉള്ളതിനാലാണ് ആര്‍സിബിയോട് ഇഷ്ടം.

കോഹ് ലിയുടെ അഗ്രഷനും, ബാറ്റിങ്ങും ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ ഗ്രൗണ്ടില്‍ ഞാന്‍ കോഹ്‌ലിയുടേതില്‍ നിന്ന് നേരെ വിപരീതമായ സ്വഭാവമാണ് എന്റേത്. എന്നാല്‍ അഗ്രസീവ് ബാറ്റിങ് ആണ് എന്റെ ശൈലി. പ്രതിരോധിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന കളിക്കാരനല്ല ഞാന്‍. ഫസ്റ്റ് ബൗളില്‍ ഔട്ട് ആവുമോ എന്ന എന്നൊന്നും നോക്കറില്ല.

ക്രീസില്‍ നില്‍ക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഏത് താരം വരണം എന്നതാണ് സ്വപ്‌നം എന്ന് ചോദ്യത്തിന് പെട്ടെന്ന് തന്നെ കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്റെ മറുപടിയെത്തി, വിരാട് കോഹ്‌ലി.

സഞ്ജുവിന്റെ നായകത്വം കാര്യങ്ങള്‍ ലളിതമാക്കി...

ഈ വര്‍ഷം ടീമിനുള്ളിലെ അന്തരീക്ഷത്തില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഓരോ കളിക്കാരനും തങ്ങളുടെ റോള്‍ എന്ത് എന്നത് സംബന്ധിച്ച വ്യക്തമായ ചിത്രം സഞ്ജു എല്ലാവര്‍ക്കും നല്‍കി. ടീം മീറ്റിങ്ങില്‍ നമ്മള്‍ ഇരിക്കുന്ന സമയം എല്ലാവരുടേയും റോള്‍ എല്ലാവര്‍ക്കും വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ രീതിയിലൂടെ സ്വതന്ത്രമായി കളിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു.

ടീമിന് വേണ്ടിയാണ് ചെയ്യുന്നത്. അവിടെ നിങ്ങള്‍ പരാജയപ്പെട്ടാല്‍ കൂടി ടീമിന് വേണ്ടിയാണ് നിങ്ങള്‍ അങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞ് സഞ്ജു വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ക്യാപ്റ്റനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് അതാണ്.

എല്ലാവര്‍ക്കും നന്നായി ചെയ്യണം എന്നുണ്ടാവും, ചെയ്യാന്‍ പറ്റിയില്ലെങ്കിലും അവര്‍ നമ്മളെ പിന്തുണച്ചു കൊണ്ടിരിക്കും എന്നതാണ് വലിയ കാര്യം. ക്യാപ്റ്റനും, കോച്ചും പറയുന്ന കാര്യം മാത്രം ടീമിന് വേണ്ടി ചെയ്താല്‍ മതി. അത്രയും ലളിതമായി കാര്യങ്ങളെ കൊണ്ടുപോവാന്‍ അവര്‍ക്കായി.

ശ്രീശാന്ത് നല്‍കി ആത്മവിശ്വാസം പറഞ്ഞറിയിക്കാനാവില്ല...

ഒരു സാധാരണ ചിന്താഗതിയുള്ള വ്യക്തിയായിരുന്നു എങ്കില്‍ ഈ ഏഴ് വര്‍ഷം കൊണ്ട് ക്രിക്കറ്റ് ഉപേക്ഷിച്ച് പോയാനെ. പിടിച്ചു നിന്ന് അദ്ദേഹം തിരിച്ചു വന്നു എന്നതില്‍ വ്യക്തമാവുന്നത് അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം എത്രമാത്രമാണെന്നാണ്. ആലപ്പുഴയിലുണ്ടായ പത്ത് ദിവസത്തെ ക്യാമ്പിലും, സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന്റെ സമയത്തും ശ്രീശാന്തിന്റെ സാന്നിധ്യം എല്ലാവരിലും പോസിറ്റീവ് ഫീല്‍ കൊണ്ടുവന്നു.

അദ്ദേഹം സംസാരിക്കുന്ന വിധം നോക്കണം. രണ്ട് ലോകകപ്പ് നേടിയ താരമാണ് നമ്മുടെ അടുത്ത് വന്നിരിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷമായിരുന്നു. വലിയ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ ലഭിച്ചത്. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

ഗ്രൗണ്ടിലെ ഏതൊരു താരത്തിന് അടുത്തേക്കും എത്തി അവരെ പ്രചോദിപ്പിക്കും വിധം സംസാരിക്കും. ശ്രീശാന്തിനെ പോലെ ലോകം അറിയുന്ന ഒരു വ്യക്തി നമ്മളോട് അങ്ങനെയെല്ലാം പറയുമ്പോള്‍ അത് വലിയ പ്രചോദനമാവുകയാണ്.

ബക്കറ്റ് ലിസ്റ്റ്

നമുക്ക് മുന്‍പില്‍ എല്ലായ്‌പ്പോഴും ഒരു ലക്ഷ്യം ഉണ്ടാവണം. ലോക്ക്ഡൗണിന്റെ സമയത്ത് ഒരുപാട് സമയം ലഭിച്ചു എവിടെയൊക്കെയാണ് തിരുത്തേണ്ടത് എന്നെല്ലാം ചിന്തിക്കാന്‍. കഴിഞ്ഞ സീസണ്‍ എങ്ങനെയായിരുന്നു എന്നെല്ലാം വിലയിരുത്തി. 2015ലാണ് ഞാന്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറുന്നത്. 2012ല്‍ കേരളത്തിന് വേണ്ടി അരങ്ങേറിയിരുന്നു. നേടാന്‍ ഉറച്ച് ഞാന്‍ എഴുതി ഇട്ട ലക്ഷ്യങ്ങളായിരുന്നു അവ.

അതെല്ലാം ഒന്നൊന്നായി നേടിയാണ് ഇവിടെ വരെ എത്തിയത്. ഭയങ്കരമായി എന്നല്ല പറയുന്നത്. സീനിയര്‍ ക്രിക്കറ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് എന്നിവ കൂടുതല്‍ മത്സര സ്വഭാവമുള്ളതാണ്. അവിടെ ലക്ഷ്യങ്ങള്‍ നേടണം എങ്കില്‍ വലിയ ആത്മവിശ്വാസം വേണം. ആദ്യം എനിക്ക് എങ്ങനെ കളിയെ സമീപിക്കണം എന്നതില്‍ ആശയ കുഴപ്പമുണ്ടായി. ബാറ്റിങ് സ്ലോട്ട് ശരിയാവുന്നുണ്ടായില്ല. ഇതിലേക്കെല്ലാം ചിന്തിക്കാന്‍ ലോക്ക്ഡൗണില്‍ ഒരുപാട് സമയം ലഭിച്ചു. ഈ സമയത്ത് ഞാന്‍ എഴുതിയിട്ട എന്റെ ഗോളുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com