സ്റ്റീവ് സ്മിത്ത് മുതല്‍ ക്രിസ് മോറിസ് വരെ; ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ വമ്പന്മാര്‍ ഇവര്‍

ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിച്ചപ്പോള്‍ പല വമ്പന്മാരും തിരികെ ലേലത്തിലേക്ക് വരുന്നുണ്ട്
സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം

മുംബൈ: 2021 ഐപിഎല്‍ സീസണില്‍ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ത്രില്ലടിച്ചത് മലയാളികള്‍ക്കായിരുന്നു. സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുന്നതിനൊപ്പം നായകനുമാക്കി പ്രഖ്യാപിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.

ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിച്ചപ്പോള്‍ പല വമ്പന്മാരും തിരികെ ലേലത്തിലേക്ക് വരുന്നുണ്ട്. അതില്‍ സ്റ്റീവ് സ്മിത്ത് മുതല്‍ ക്രിസ് മോറിസ് വരെയുണ്ട്.

സ്റ്റീവ് സ്മിത്ത്

2021 ഐപിഎല്‍ സീസണിലേക്കുള്ള താര ലേലത്തിന് മുന്‍പായി ഒഴിവാക്കപ്പെടുന്ന ഏക ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ആണ്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സ്മിത്തിന് കഴിയാതിരുന്നതോടെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനെ ഒഴിവാക്കിയത്.

മാക്‌സ്‌വെല്‍

ഐപിഎല്‍ കഴിഞ്ഞ സീസണില്‍ വമ്പന്‍ പരാജയമായ കളിക്കാരില്‍ ഒന്നാമത് ഗ്ലെന്‍ മാക്‌സ് വെല്‍ ഉണ്ടായിരുന്നു. പഞ്ചാബിന് വേണ്ടി കളിക്കാന്‍ ഇറങ്ങി കഴിഞ്ഞ സീസണില്‍ മാക്‌സ് വെല്‍ നേരിട്ടത് ആകെ 106 പന്തുകള്‍. അതില്‍ നിന്ന് നേടിയത് 108 റണ്‍സ് മാത്രം. പറത്തിയത് ഒരേയൊരു സിക്‌സ്. 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് ഇവിടെ പഞ്ചാബിനെ പ്രതിസന്ധിയിലാക്കിയത്.

ശിവം ദുബെ

ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് ഐപിഎല്ലില്‍ ദുബെ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. ആര്‍സിബി 5 കോടി രൂപയ്ക്കാണ് ദുബെയെ ടീമിലെത്തിച്ചത്. 2019ല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ആര്‍സിബിയുടെ പിന്തുണ ദുബെ നേടി. എന്നാല്‍ ആര്‍സിബി അര്‍പ്പിച്ച പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ദുബെയ്ക്ക് കഴിഞ്ഞില്ല.

ആരോണ്‍ ഫിഞ്ച്

രാജസ്ഥാന്‍ റോയല്‍സ് സ്വന്തം ക്യാപ്റ്റനെ ഒഴിവാക്കിയപ്പോള്‍ ദേശിയ ടീമിന്റെ ക്യാപ്റ്റനെയാണ് ആര്‍സിബി റിലീസ് ചെയ്യുന്നത്. 4.8 കോടി രൂപയ്ക്കായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആര്‍സിബിയിലേക്ക് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ നേടാനായത് 268 റണ്‍സ് മാത്രം. കഴിഞ്ഞ സീസണിന്റെ രണ്ടാം ഘട്ടം എത്തിയപ്പോള്‍ ഫിഞ്ചിന് പ്ലേയിങ് ഇലവനിലും ഇടം കണ്ടെത്താനാവാതെ വന്നു.

ക്രിസ് മോറിസ്

ഐപിഎല്‍ 2020 പരിക്കിനെ തുടര്‍ന്നാണ് ക്രിസ് മോറിസിന് നഷ്ടമായത്. കഴിഞ്ഞ സീസണില്‍ 10 കോടി രൂപയ്ക്കായിരുന്നു മോറിസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഇത്തവണ ആര്‍സിബി റിലീസ് ചെയ്യുന്നതോടെ ലേലത്തിലേക്ക് വരുന്ന മോറീസിന് വലിയ തുക ഫ്രാഞ്ചൈസികള്‍ മുന്‍പില്‍ വെക്കാന്‍ തന്നെയാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com