ഒന്നാം ക്ലാസില്‍ ആരും ആള്‍ജിബ്ര പഠിക്കില്ലല്ലോ, പന്തിനെ പിന്തുണച്ച് സാഹ

ഓസ്‌ട്രേലിയയിലെ പന്തിന്റെ പ്രകടനം ടീമിലെ തന്റെ അവസരങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും സാഹ കരുതുന്നില്
സാഹ, പന്ത്/ ഫയല്‍ ചിത്രം
സാഹ, പന്ത്/ ഫയല്‍ ചിത്രം

സ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനത്തോടെ ഇന്ത്യയുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് റിഷഭ് പന്ത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ആശംസകള്‍ പ്രവഹിക്കുമ്പോഴും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഈ 23കാരനെ തേടിയെത്തുന്നത് ഏറെയും വിമര്‍ശനങ്ങളാണ്. എന്നാലിപ്പോള്‍ പന്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുതിര്‍ന്ന വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹ. പന്തിന് കുറച്ചുകൂടി സമയം നല്‍കണമെന്ന് പറയുന്ന സാഹ ആരും ആള്‍ജിബ്ര ഒന്നാം ക്ലാസില്‍ പഠിക്കുന്നില്ലല്ലോ എന്നാണ് വിമര്‍ശകരോട് ചോദിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പന്തിന്റെ പ്രകടനം ടീമിലെ തന്റെ അവസരങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും സാഹ കരുതുന്നില്ല. 'ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദ ബന്ധമാണുള്ളത്. ആര് ആദ്യ 11ല്‍ എത്തിയാലും ഞങ്ങള്‍ പരസ്പരം സഹായിക്കാറുണ്ട്, ഇതേക്കുറിച്ച് വേണമെങ്കില്‍ പന്തിനോടും നിങ്ങള്‍ക്ക് ചോദിക്കാം. വ്യക്തിപരമായി ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല', ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച വിജയം നേടി നാട്ടിലെത്തിയ ശേഷമാണ് സാഹയുടെ പ്രതികരണം. "ആരാണ് ഒന്നാമനെന്നും രണ്ടാമെന്നൊന്നും നോക്കുന്നില്ല, ആര് മികച്ചതായി കളിക്കുന്നോ ടീം അവര്‍ക്ക് അവസരം കൊടുക്കും. ഞാന്‍ എന്റെ ജോലി തുടരും, സെലക്ഷന്‍ എന്റെ കൈയിലല്ല അത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമണ്", സാഹ പറഞ്ഞു.

ആരും ഒന്നാം ക്ലാസില്‍ ആള്‍ജിബ്ര പഠിക്കില്ല, എപ്പോഴും പടിപടിയായാണ് മുന്നോട്ടുപോകേണ്ടത്. പന്ത് മികച്ച പ്രകടനമാണ് നടത്തുന്നത് ഉറപ്പായും ഇനിയും മെച്ചപ്പെടും. അദ്ദേഹം ഒരുപാട് പാകപ്പെട്ടിട്ടുണ്ട്. മുന്നോട്ടുനോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് അത് ഏറെ ഗുണകരമാണെന്നും സാഹ ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും മോശം സമയം ഉണ്ടാകാറുണ്ടെന്നു പ്രൊഫഷണല്‍ കളിക്കാര്‍ ഉയര്‍ച്ചയും താഴ്ചയും അംഗീകരിക്കാന്‍ തയ്യാറാണെന്നും സാഹ പറഞ്ഞു. താന്‍ റണ്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് പന്തിന് അവസരം ലഭിച്ചതെന്നും സാഹ കൂട്ടിച്ചേര്‍ത്തു. എപ്പോഴും കഴിവുകള്‍ മെച്ചപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇനിയും അതേ സമീപനം തന്നെയായാരിക്കും എന്നുമാണ് താരത്തിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com