അഡ്‌ലെയ്ഡിലെ തകര്‍ച്ചയെ കുറിച്ച് സംസാരിച്ചിട്ടേയില്ല,3 ടെസ്റ്റുകളുടെ പരമ്പരയായി കണ്ടു, 2-0ന് ജയിച്ചു: ഹനുമാ വിഹാരി

അവസാന മൂന്ന് ടെസ്റ്റുകളില്‍ ഒരിക്കല്‍ പോലും അഡ്‌ലെയ്ഡ് ടെസ്റ്റിലെ തകര്‍ച്ചയെ കുറിച്ച് ടീം സംസാരിച്ചിട്ടില്ലെന്ന് ഹനുമാ വിഹാരി
ഹനുമ വിഹാരി/ ട്വിറ്റർ
ഹനുമ വിഹാരി/ ട്വിറ്റർ

മുംബൈ: അവസാന മൂന്ന് ടെസ്റ്റുകളില്‍ ഒരിക്കല്‍ പോലും അഡ്‌ലെയ്ഡ് ടെസ്റ്റിലെ തകര്‍ച്ചയെ കുറിച്ച് ടീം സംസാരിച്ചിട്ടില്ലെന്ന് ഹനുമാ വിഹാരി. സിഡ്‌നി ടെസ്റ്റില്‍ റിഷഭ് പന്തും, പൂജാരയും പുറത്തായതിന് ശേഷം ഒരിക്കല്‍ പോലും ജയത്തിലേക്കായി ബാറ്റ് ചെയ്തില്ലെന്നും വിഹാരി പറഞ്ഞു.

സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിനം ആദ്യ സെഷനിലും, രണ്ടാം സെഷന്റെ ഭൂരിഭാഗം സമയത്തും ജയമാണ് നമ്മള്‍ നോക്കിക്കൊണ്ടിരുന്നത് എന്ന് നിങ്ങള്‍ക്ക് കാണാം. ആ വിധമാണ് പൂജാരയും പന്തും കളിച്ചത്. അവര്‍ പുറത്തായതിന് ശേഷം വിജയം സാധ്യമാവും എന്ന തോന്നല്‍ എനിക്കുണ്ടായില്ല. എനിക്ക് പരിക്കേല്‍ക്കുന്നതിന് മുന്‍പ് തന്നെ അശ്വിന് പുറം വേദനയുണ്ടായിരുന്നു, വിഹാരി പറയുന്നു.

ആവശ്യമെങ്കില്‍ ഏതാനും ഓവര്‍ ബാറ്റ് ചെയ്യാം എന്ന അവസ്ഥയിലായിരുന്നു രവീന്ദ്ര ജഡേജ. അശ്വിന് ഓടാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സമനില എന്ന ചിന്തയിലേക്ക് ഞങ്ങള്‍ എത്തിയത്. സമയം തീര്‍ക്കാന്‍ ബാറ്റ് ചെയ്യുകയാണ് വേണ്ടത് എന്ന് മനസിലായി. 43 ഓവര്‍ ബാറ്റ് ചെയ്ത് കൂട്ടുകെട്ട് നിവനിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല.

ഓസ്‌ട്രേലിയയാണ്, അഞ്ചാം ദിനമാണ്, അതുപോലൊരു ആക്രമണത്തിന് എതിരെയാണ്. ഓരോ ഓവറിന് ശേഷവും എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങള്‍ സംസാരിച്ചു. അശ്വിന്‍ നഥാന്‍ ലിയോണിനെ നേരിടും എന്നും ഞാന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടും എന്നും തീരുമാനിച്ചിരുന്നു. ആ തന്ത്രങ്ങള്‍ അവിടെ ഫലം കണ്ടു.

നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല, അഡ്‌ലെയ്ഡിലെ തോല്‍വിക്ക് ശേഷം ടീം എന്ന നിലയില്‍ അതിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്ന തോന്നലായിരുന്നു, അങ്ങനെയൊന്ന് ഇനി സംഭവിക്കില്ലാന്നും എനിക്കുറപ്പുണ്ട്, വിഹാരി പറഞ്ഞു.

മെല്‍ബണ്‍ മുതല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായാണ് ഞങ്ങള്‍ അതിനെ കണ്ടത്. അങ്ങനെ നോക്കിയാല്‍ 2-0ന് ഞങ്ങള്‍ പരമ്പര പിടിച്ചതായി കാണാം. സിഡ്‌നി ടെസ്റ്റിന് ശേഷം രണ്ട് ദിവസത്തോളം ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒന്ന് സന്തോഷം കൊണ്ടും, രണ്ടാമത്തേത് വേദന കൊണ്ടുമാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ ഒഴുക്കിയ വിയര്‍പ്പുണ്ട്. അത് കാണാന്‍ ആരുമുണ്ടായിരുന്നില്ല. അതെല്ലാം കടന്ന് ഇപ്പോള്‍ 1.3 ബില്യണ്‍ ആളുകള്‍ നാട്ടിലിരുന്ന് ടെസ്റ്റ് മാച്ച് സേവ് ചെയ്യുന്ന നിങ്ങളെ കാണുന്നുണ്ട് എന്ന ചിന്തയാണ് എന്റെ മനസിലേക്ക് വന്നത് എന്നും വിഹാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com