ഗ്രൗണ്ട് വിട്ട് കളിയില്‍ നിന്ന് പിന്മാറാമെന്ന് അമ്പയര്‍; എവിടെയും പോവുന്നില്ലെന്ന് രഹാനെ ഉറപ്പിച്ച് പറഞ്ഞു: മുഹമ്മദ് സിറാജ്‌

അവരുടെ അധിക്ഷേപങ്ങള്‍ എന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് താന്‍ പ്രധാന പരിഗണന നല്‍കിയത് എന്നും മുഹമ്മദ് സിറാജ് പറഞ്ഞു
മുഹമ്മദ് സിറാജ്/ ഫോട്ടോ: എപി
മുഹമ്മദ് സിറാജ്/ ഫോട്ടോ: എപി

ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ അധിക്ഷേപം തന്നെ മാനസികമായി കരുത്തനാക്കിയതായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. അവരുടെ അധിക്ഷേപങ്ങള്‍ എന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് താന്‍ പ്രധാന പരിഗണന നല്‍കിയത് എന്നും മുഹമ്മദ് സിറാജ് പറഞ്ഞു.

എനിക്ക് നേരെ അധിക്ഷേപം ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. എല്ലാ കാര്യവും ഞാന്‍ ക്യാപ്റ്റന്‍ രഹാനെയോട് പറഞ്ഞു. ഗ്രൗണ്ടിന് പുറത്തേക്ക് പോയി മത്സരം ഉപേക്ഷിക്കാമെന്ന് അമ്പയര്‍ ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ പോവില്ലെന്നും, കളിയെ ഞങ്ങള്‍ ബഹുമാനിക്കുന്നതാണെന്നും രഹാനെ അമ്പയര്‍മാരോട് പറഞ്ഞു, ഓസീസ് പര്യടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സിറാജ് പറഞ്ഞു.

പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നു എനിക്ക്. പിതാവിനെ നഷ്ടമായി. കുടുംബവുമായി ആ സമയം ഞാന്‍ സംസാരിച്ചു. പിതാവിന്റെ സ്വപ്‌നം നിറവേറ്റണം എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയും പിന്തണച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഴുവന്‍ എനിക്ക് പിന്തുണ നല്‍കി.

ഇന്നത്തെ നിമിഷം എനിക്ക് വൈകാരികമാണ്. പിതാവിന്റെ ഖബറിടത്തില്‍ പോയി. എന്റെ കണ്ടതോടെ അമ്മ കരയാന്‍ തുടങ്ങി. ഒരുപാട് നാളുകള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു. വീട്ടിലേക്ക് തിരിച്ചെത്തിയത് ഒരുപാട് സന്തോഷം നല്‍കുന്നതായും സിറാജ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സിറാജ് 13 വിക്കറ്റാണ് വീഴ്ത്തിയത്. ഗബ്ബയില്‍ 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തി വിജയത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് വഴി തുറക്കുകയും ചെയ്തു. 2-1നാണ് ഇന്ത്യ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com