ചിന്‍ മ്യൂസിക്കിനെ നേരിടാന്‍ തുണച്ചത് യുവരാജ് സിങ്; അടുത്ത വലിയ ലക്ഷ്യത്തെ കുറിച്ച് ശുഭ്മാന്‍ ഗില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2021 11:26 AM  |  

Last Updated: 23rd January 2021 11:26 AM  |   A+A-   |  

shubman_gill_batting

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: എപി

 

മുംബൈ: ഭയമേതുമില്ലാത്ത ശുഭ്മാന്‍ ഗില്ലിന്റെ സമീപനമാണ് ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്. ഇന്ത്യന്‍ ടീമിന്റെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ ശക്തമാക്കി വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം തന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ശുഭ്മാന്‍. 

ഇപ്പോള്‍ റിലാക്‌സ്ഡ് ആണ് ഞാന്‍. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത് വലിയ ആശ്വാസമായി. എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഓരോ ഇന്നിങ്‌സ് കഴിയുമ്പോഴും ആത്മവിശ്വാസം കൂടി വന്നു. സെഞ്ചുറി നേടാനായെങ്കില്‍ അത് കൂടുതല്‍ സന്തോഷമായാനെ. ടീമിന്റെ ജയത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്, ഗില്‍ പറഞ്ഞു. 

ഐപിഎല്ലിന് മുന്‍പ് യുവരാജ് സിങ്ങിന് ഒപ്പമുള്ള ക്യാംപ് വളരെ അധികം സഹായിച്ചു. ചിന്‍ മ്യൂസിക് ഫേസ് ചെയ്യാന്‍ എന്നെ ഒരുക്കിയത് യുവരാജ് ആണ്. പല ആംഗിളുകളില്‍ നിന്ന് നൂറു കണക്കിന് ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹം എനിക്ക് നേരെ എറിഞ്ഞു. അത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

ഈ നിലവാരത്തില്‍ സ്ഥിരത നിലനിര്‍ത്തുകയാണ് അടുത്ത വലിയ ലക്ഷ്യം. എന്നെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇപ്പോള്‍ ഞാന്‍ അറിയപ്പെടാത്ത വ്യക്തിയല്ല. ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ആര്‍ച്ചര്‍ എന്നിവരെ നേരിടുക വെല്ലുവിളിയാണ്...എന്നാല്‍ ഞാന്‍ അതിന് ഒരുങ്ങി കഴിഞ്ഞു എന്നും ഗില്‍ പറയുന്നു.