'ചേതേശ്വര്‍ പൂജാര; ഇന്ത്യയുടെ അനിഷേധ്യ പോരാളി'- ജന്മ ദിനത്തില്‍ ശ്രദ്ധേയ വീഡിയോ

'ചേതേശ്വര്‍ പൂജാര; ഇന്ത്യയുടെ അനിഷേധ്യ പോരാളി'- ജന്മ ദിനത്തില്‍ ശ്രദ്ധേയ വീഡിയോ
ചേതേശ്വർ പൂജാര/ ട്വിറ്റർ
ചേതേശ്വർ പൂജാര/ ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ നേടിയ ചരിത്ര വിജയം സമീപകാലത്തെ ഇന്ത്യന്‍ കായിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടമായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍, ടീമിലെ പ്രമുഖ താരങ്ങളുടെ അഭാവം, പരിക്ക്, വംശീയ അധിക്ഷേപം തുടങ്ങി നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്തായിരുന്നു ഇന്ത്യയുടെ തിളക്കമുള്ള വിജയം. അതുകൊണ്ടാണ് ഈ പരമ്പര നേട്ടത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന ഏടുകളില്‍ ഒന്ന് എന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായി സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. 

യുവ താരങ്ങളുടെ പോരാട്ട വീര്യമാണ് ഇന്ത്യന്‍ വിജയത്തിന്റെ കാതല്‍. ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും അടക്കമുള്ള യുവ താരങ്ങള്‍ക്ക് കരുത്തോടെ ബാറ്റ് വീശാനുള്ള ഊര്‍ജം നല്‍കിയ താരം ചേതേശ്വര്‍ പൂജാരയായിരുന്നു. ഇന്ത്യയുടെ ഉരുക്കു പ്രതിരോധത്തിന്റെ കാവല്‍ക്കാരനായ ടെസ്റ്റ് സ്‌പെഷലിസ്റ്റ്. ന്യൂ ബോളില്‍ പൂജാര തീര്‍ത്ത പ്രതിരോധ മതിലിന്റെ ഉറപ്പിന്റെ കരുത്താണ് യുവ താരങ്ങള്‍ക്ക് ക്രീസില്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശാനുള്ള ധൈര്യം സമ്മാനിച്ചത്. ഇന്ത്യന്‍ ടീമിന്റെ അനിഷേധ്യനായ പോരാളിയാര് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ചേതേശ്വര്‍ പൂജാര. 

പൂജാരയുടെ 33ാം ജന്മദിനമാണ് ഇന്ന്. ഓസ്ര്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ പോരാളിയായി പടര്‍ന്നു പന്തലിച്ചത് പൂജാരയായിരുന്നുവെന്ന് നിസംശയം പറയാം. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയവരുടെ പന്തുകള്‍ നിരന്തരം തീ തുപ്പിയപ്പോള്‍ അതിനെയെല്ലാം ചെറുത്ത് നിന്ന് പൂജാര നടത്തിയ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികള്‍ രേഖപ്പെട്ടു കഴിഞ്ഞു. 

ജന്മ ദിനത്തില്‍, ഓസീസ് മണ്ണില്‍ പൂജാര താണ്ടിയ ദുര്‍ഘട വഴികളുടെ വീഡിയോ ശ്രദ്ധേയമാകുകയാണ്. പ്രതിരോധ കോട്ടകെട്ടി പൂജാര പാറ പോലെ നിന്നപ്പോള്‍ ഓസീസ് പേസര്‍മാര്‍ മാരക ബൗണ്‍സറുകള്‍ എറിഞ്ഞ് അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതിനെയെല്ലാം താരം അതി വിദഗ്ധമായി പ്രതിരോധിക്കുന്നത് വീഡിയോയില്‍ കാണാം. 

നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് ബൗളര്‍മാരുടെ ബൗണ്‍സറുകള്‍ കൊള്ളാത്ത ഒരു ഭാഗവും പൂജാരയുടെ ശരീരത്തില്‍ ഉണ്ടാകില്ല. നാല് മത്സരങ്ങളില്‍ നിന്ന് പൂജാര നേരിട്ടത് 928 പന്തുകള്‍. ഇരു ടീമിലും മറ്റൊരു താരം പോലും ഇത്രയും പന്തുകള്‍ ആ പരമ്പരയില്‍ നേരിട്ടിട്ടില്ല. അത്ര ഉജ്ജ്വലമായിട്ടായിരുന്നു താരത്തിന്റെ ചെറുത്തു നില്‍പ്പ്. ഗാബ ടെസ്റ്റില്‍ മാത്രം പത്തോളം തവണയാണ് ശരീരത്തിന് നേരെ വെടിയുണ്ട കണക്കെ വന്ന പന്തുകളെ താരം ഒഴിഞ്ഞു മാറിയത്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com