'അവര്‍ക്കെതിരെ നടപടി എടുക്കു, ഞങ്ങള്‍ വന്നത് ക്രിക്കറ്റ് കളിക്കാനാണ്'- ഓസ്‌ട്രേലിയയില്‍ സംഭവിച്ചത് വെളിപ്പെടുത്തി രഹാനെ

'അവര്‍ക്കെതിരെ നടപടി എടുക്കു, ഞങ്ങള്‍ വന്നത് ക്രിക്കറ്റ് കളിക്കാനാണ്'- ഓസ്‌ട്രേലിയയില്‍ സംഭവിച്ചത് വെളിപ്പെടുത്തി രഹാനെ
രഹാനെ, ബുമ്റ, സിറാജ്/ ട്വിറ്റർ
രഹാനെ, ബുമ്റ, സിറാജ്/ ട്വിറ്റർ

മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട അധ്യായമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ഓസ്‌ട്രേലിയന്‍ കാണികള്‍ നടത്തിയ വംശീയ അധിക്ഷേപം. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്‌റ എന്നിവരെ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. മൂന്നാം ദിനത്തിലും നാലാം ദിനത്തിലും ഇന്ത്യന്‍ താരങ്ങളെ അപമാനിക്കാനുള്ള ശ്രമം താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. 

സംഭവത്തില്‍ താരങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ നടപടിയും വലിയ കൈയടികള്‍ വാങ്ങിയിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രഹാനെ. താരങ്ങളെ അധിക്ഷേപിച്ച ആറ് കാണികളെ സ്‌റ്റേഡിയത്തില്‍ പുറത്താക്കിയ അധികൃതര്‍ ഇന്ത്യന്‍ താരങ്ങളോട് മാപ്പും പറഞ്ഞിരുന്നു. 

'സിഡ്‌നിയിലെ സംഭവങ്ങള്‍ അങ്ങേയറ്റം സങ്കടകരമായിരുന്നു. സിറാജടക്കമുള്ള താരങ്ങള്‍ക്ക് നേരെ ഉണ്ടായ അധിക്ഷേപങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഞങ്ങളുടെ നിലപാട് കൃത്യമായിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ കളി നിര്‍ത്തി നിങ്ങള്‍ക്ക് വേണമെങ്കില്‍ മൈതാനം വിടാമെന്നായിരുന്നു അമ്പയറുടെ നിലപാട്'. 

എന്നാല്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാനാണ് ഇവിടെ എത്തിയത് എന്നും അതിനാല്‍ ഗ്രൗണ്ടില്‍ നിന്ന് പോകില്ലെന്നും അവരോട് ഞാന്‍ പറഞ്ഞു. താരങ്ങളെ നിങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കില്‍ മോശമായി പെരുമാറിയ കാണികളെ പുറത്താക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ഞാന്‍ അമ്പയര്‍മാരോട് വ്യക്തമാക്കി. ഞങ്ങള്‍ എങ്ങോട്ടും പോകില്ല. അവരെ പുറത്താക്കി കളി തുടരുകയാണ് വേണ്ടത്. മത്സരത്തിന്റെ ആവേശം നഷ്ടപ്പെടരുത് എന്ന് അഗ്രഹിക്കുന്നതായും അവരോട് ഞാന്‍ വ്യക്തമാക്കി'- രഹാനെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com