ഇറങ്ങിയത് ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍, വീണത് അവസാന സ്ഥാനക്കാര്‍ക്ക് മുന്‍പില്‍; ഞെട്ടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

പോയിന്റ് ടേബിളില്‍ 20ാം സ്ഥാനത്ത് നില്‍ക്കുന്ന ഷെഫീല്‍ഡ് യുനൈറ്റഡ് 1-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തത്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ഷെഫീല്‍ഡ് മത്സരത്തില്‍ നിന്ന്/ഫോട്ടോ: എപി
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ഷെഫീല്‍ഡ് മത്സരത്തില്‍ നിന്ന്/ഫോട്ടോ: എപി

ഓള്‍ഡ് ട്രഫോര്‍ഡ്:‌ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നീങ്ങവെ ലീഗിലെ അവസാന സ്ഥാനക്കാരില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പ്രഹരം. പോയിന്റ് ടേബിളില്‍ 20ാം സ്ഥാനത്ത് നില്‍ക്കുന്ന ഷെഫീല്‍ഡ് യുനൈറ്റഡ് 1-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തത്. 

ഇതോടെ 20 കളിയില്‍ നിന്ന് 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. 41 പോയിന്റിമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇപ്പോള്‍ ഒന്നാമത്. ഷെഫീല്‍ഡ് യൂനൈറ്റഡിന് വേണ്ടി 23ാം മിനിറ്റില്‍ കീന്‍ ബ്രാന്‍ ഗോള്‍ വല ചലിപ്പിച്ചു. 64ാം മിനിറ്റില്‍ ഹാരി മഗ്വെയര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി മറുപടി നല്‍കിയെങ്കിലും 74ാം മിനിറ്റില്‍ ഒലിവര്‍ ബര്‍ക്കിലൂടെ ഷെഫീല്‍ഡിന്റെ വിജയ ഗോള്‍ പിറന്നു. 

പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കുക ലക്ഷ്യമിട്ടാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങിയത്. എന്നാല്‍ ഷെഫീല്‍ഡിന്റെ അപ്രതീക്ഷിത പ്രഹരമാണ് റെഡ്‌സിനെ കാത്തിരുന്നത്. ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളിലും, പന്ത് കൈവശം വെക്കുന്നതിലും, പാസുകളും, പാസ് മികവിലുമെല്ലാം ഷെഫീല്‍ഡിനേക്കാള്‍ ബഹുദൂരം മുന്‍പില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ കളി അവസാനിപ്പിച്ചത്. പക്ഷേ ഗോള്‍ വല കുലുക്കുന്നതില്‍ പിന്നോട്ട് പോയി. 

ടുച്ചലിന് കീഴില്‍ ആദ്യമായി ഇറങ്ങിയ ചെല്‍സിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിയെ 13ാം സ്ഥാനത്തുള്ള വോള്‍വ്‌സ് സമനിലയില്‍ പൂട്ടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com