രഞ്ജി ട്രോഫി സീസണ്‍ ഉപേക്ഷിച്ചു, 87 വര്‍ഷത്തിനിടെ ആദ്യം; പകരം വിജയ് ഹസാരെ ട്രോഫി

രഞ്ജി ട്രോഫിക്ക് പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് ബിസിസിഐയുടെ തീരുമാനം
കേരള രഞ്ജി ട്രോഫി താരങ്ങള്‍/ഫയല്‍ ചിത്രം
കേരള രഞ്ജി ട്രോഫി താരങ്ങള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ സീസണിലെ രഞ്ജി ട്രോഫി ഉപേക്ഷിച്ച് ബിസിസിഐ. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. രഞ്ജി ട്രോഫിക്ക് പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് ബിസിസിഐയുടെ തീരുമാനം. 

50 ഓവര്‍ വനിതാ ദേശിയ ക്രിക്കറ്റ് ടൂര്‍ണമെന്റും ബിസിസിഐ സംഘടിപ്പിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷാ സംസ്ഥാന ഘടകങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ബയോ ബബിള്‍ സൃഷ്ടിച്ച് രണ്ട് ഘട്ടങ്ങളിലായി രഞ്ജി ട്രോഫി നടത്തുന്നത് പ്രായോഗികം അല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബിസിസിഐ നടപടി. 

രഞ്ജി ട്രോഫി സീസണ്‍ ഉപേക്ഷിക്കുന്നതോടെ ഡൊമസ്റ്റിക് കളിക്കാര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ബിസിസിഐ നല്‍കുമെന്നാണ് സൂചന. 1.5 ലക്ഷം രൂപ വരെയാണ് കളിക്കാര്‍ക്ക് രഞ്ജി ട്രോഫിയില്‍ മാച്ച് ഫീയായി ലഭിക്കുന്നത്. 

കോവിഡിനെ തുടര്‍ന്ന് ഒരുപാട് സമയം നഷ്ടമായതായും, ക്രിക്കറ്റ് കലണ്ടര്‍ തയ്യാറാക്കുക എന്നത് ദുഷ്‌കരമായി മാറിയെന്നും സംസ്ഥാന ഘടകങ്ങള്‍ക്കയച്ച കത്തില്‍ ജയ് ഷാ പറയുന്നു. പ്രതിസന്ധികളെ അതിജിവിച്ച ടീം ഓസ്‌ട്രേലിയയില്‍ നേടിയ അത്ഭുത വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന് എതിരായ പരമ്പരയുടെ ഒരുക്കങ്ങള്‍ ഫുള്‍ സ്വിങ്ങിലാണെന്നും ജയ് ഷാ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com