ക്വാര്‍ട്ടറിലും ഗോള്‍ മഴ കാത്ത് സ്‌പെയ്ന്‍; മുകളില്‍ സ്വിസ് കാര്‍മേഘം

ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് എത്തുന്ന ഷാക്കയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ തേരോട്ടം എവിടെ ചെന്ന് നില്‍ക്കും?
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് എത്തുന്ന ഷാക്കയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ തേരോട്ടം എവിടെ ചെന്ന് നില്‍ക്കും? 67 വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതിന്റെ ആവേശം സെമി ഫൈനലിലേക്ക് കടക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ഊര്‍ജം നല്‍കുമോ എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

ഫ്രാന്‍സിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണായിരുന്നു അധിക സമയത്തെ ആവേശത്തിലേക്ക് നീണ്ടപ്പോള്‍ മൂന്നേ മൂന്നിന് ലോക ചാമ്പ്യന്മാര്‍ക്കൊപ്പം കട്ടക്ക് പിടിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ് കരുത്ത് കാണിച്ചത്. പെനാല്‍റ്റി ഷുട്ടൗട്ടിലൂടെ ഒടുവില്‍ ആ ചരിത്ര നിമിഷവും. 

ഇത് ആദ്യമായാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും സ്‌പെയ്‌നും നേര്‍ക്കുനേര്‍ വരുന്നത്. ഇതിന് മുന്‍പ് ഇരു കൂട്ടരും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നില്‍ നേര്‍ക്കു നേര്‍ വന്നത് മൂന്ന് വട്ടം. 1966, 1994, 2010 ലോകകപ്പ് എന്നിവയിലായിരുന്നു അത്. ആദ്യ രണ്ട് കളിയില്‍ സ്‌പെയ്ന്‍ ജയിച്ചപ്പോള്‍ മൂന്നാമത്തേതില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ജയം കണ്ടു. 

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ 22 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു കളിയില്‍ മാത്രമാണ് സ്‌പെയ്ന്‍ തോറ്റത്. 2010 ലോകകപ്പിലായിരുന്നു അത്. 16 കളിയില്‍ സ്‌പെയ്ന്‍ ജയിച്ചപ്പോള്‍ അഞ്ച് കളികള്‍ സമനിലയിലായി. 

മധ്യനിരയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന 3-4-1-2 ഫോര്‍മേഷനിലാണ് മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും പ്രീക്വാര്‍ട്ടറും സ്വിറ്റ്‌സര്‍ലാന്‍ഡ് കളിച്ചത്. സെഫെറോവിച്ചിനും എംബോളയ്ക്കും പിന്തുണയുമായി ഷഖീരി അറ്റാക്കിങ് മിഡ്ഫീല്‍ഡറായി കളിക്കുമ്പോള്‍ പിന്നില്‍ ഹൃദയം കൊണ്ട് കളിച്ച് ഷാക്കയും കളം നിറയുന്നു.

ക്രൊയേഷ്യയെ പ്രീക്വാര്‍ട്ടറില്‍ 5-3ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പെയ്‌നിന്റെ വരവ്. 4-3-3 എന്ന അറ്റാക്കിങ് ഫോര്‍മേഷനിലാണ് സ്‌പെയ്‌നിന്റെ കളി. സെന്‍ട്രല്‍ ഫോര്‍വേര്‍ഡും ഇരു വിങ്ങിലുമായി കളിച്ച വൈഡ് ഫോര്‍വേഡുകളും സ്‌പെയ്‌നിന് വേണ്ടി ക്രൊയേഷ്യക്കെതിരായ കളിയില്‍ ഗോള്‍ വല കുലുക്കി. 

ഇഞ്ചുറി ടൈമില്‍ സ്‌പെയ്‌നിന് എതിര് ക്രൊയേഷ്യ സമനില പിടിച്ചിരുന്നു. എന്നാല്‍ 100, 103 മിനിറ്റുകളില്‍ ഗോള്‍ വല കുലുക്കിയാണ് സ്‌പെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. ടൂര്‍ണമെന്റില്‍ പതിയെയാണ് തുടങ്ങിയത് എങ്കിലും ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലുമായി 11 ഗോളുകള്‍ സ്‌പെയ്ന്‍ ഇതുവരെ സ്‌കോര്‍ ചെയ്ത് കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com