'റഫറി... കോവിഡ് പോയിട്ടില്ല'- മഹാമാരിക്കാലത്ത് ഇത്ര അശ്രദ്ധയോ? വിമര്‍ശിച്ച് ആരാധകര്‍ (വീഡിയോ)

'റഫറി... കോവിഡ് പോയിട്ടില്ല'- മഹാമാരിക്കാലത്ത് ഇത്ര അശ്രദ്ധയോ? വിമര്‍ശിച്ച് ആരാധകര്‍ (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

റോം: ഉക്രൈനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് രാജകീയമായി യൂറോ കപ്പ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സര്‍വാധിപത്യമായിരുന്നു. ഒന്നു പൊരുതാന്‍ പോലും നില്‍ക്കാതെ ഉക്രൈന്‍ ദയനീയമായി കീഴടങ്ങിയ പോരാട്ടത്തില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടി. 

മത്സരത്തിനിടെ നടന്ന ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കളിയുടെ 45ാം മിനിറ്റിലുണ്ടായ ബ്രേക്കിനിടെ റഫറി ഉക്രൈന്‍ താരത്തിന്റെ കൈയില്‍ നിന്ന് വാട്ടര്‍ ബോട്ടില്‍ വാങ്ങി വെള്ളം കുടിച്ചതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ കൈമാറ്റം എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

ഇത്ര അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത റഫറിയുടെ നടപടിയെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ജര്‍മന്‍ റഫറി ഫെലിക്‌സ് ബ്രിച്ചാണ് ഉക്രൈന്‍ താരം യെരംചുകില്‍ നിന്ന് വാട്ടര്‍ ബോട്ടില്‍ നേരിട്ട് വാങ്ങി വെള്ളം കുടിച്ചത്. യെരംചുക് കുടിച്ച ശേഷമാണ് ബോട്ടില്‍ റഫറിക്ക് കൈമാറിയത്. 

കോവിഡ് മഹാമാരി ഇപ്പോള്‍ വലിയ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ശരിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മഹാമാരിയുടെ കാലത്ത് ഇത്ര അശ്രദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ കുറിച്ചു. 

യൂറോ കപ്പ് ആരംഭിച്ചതിന് ശേഷവും ചില ടീമുകളിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. യൂറോ കപ്പില്‍ കാണികളുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഡബ്ല്യുഎച്ഒയുടെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com