യൂറോയില്‍ അസൂറിക്കുതിപ്പ് ; സ്പെയിനിനെ തകർത്ത് ഇറ്റലി ഫൈനലിൽ

ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്
ഇറ്റലി താരങ്ങളുടെ ആഹ്ലാദം / ട്വിറ്റര്‍
ഇറ്റലി താരങ്ങളുടെ ആഹ്ലാദം / ട്വിറ്റര്‍

വെംബ്ലി: യൂറോ കപ്പില്‍ അസൂറിപ്പടയുടെ കുതിപ്പ്. സെമിയിൽ സ്പെയിനിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.  4-2 എന്ന സ്കോറിനാണ് ഇറ്റലിയുടെ വിജയം. 

ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

നിശ്ചിത സമയത്ത് ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ഗോള്‍ നേടിയത്.  60-ാം മിനുട്ടിൽ കിയേസയിലൂടെ ഇറ്റലി മുന്നിലെത്തി. എന്നാൽ  80–ാം മിനിറ്റിൽ മൊറാട്ടയിലൂടെ സ്പെയിൻ സമനില പിടിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലിയ്ക്കായി ആന്‍ഡ്രിയ ബെലോട്ടി, ലിയോണാര്‍ഡോ ബൊനൂച്ചി, ഫെഡറിക്കോ ബെര്‍ണാര്‍ഡ്‌സ്‌കി, ജോര്‍ജീന്യോ എന്നിവര്‍ ലക്ഷ്യം കണ്ടു. 

അതേസമയം സ്‌പെയിനിനായി ജെറാര്‍ഡ് മൊറേനോ, തിയാഗോ അലകാന്‍ടാറ എന്നിവര്‍ക്ക് മാത്രമേ ​ഗോൾ നേടാനായുള്ളൂ. ഡാനി ഓല്‍മോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോള്‍, നിശ്ചിത സമയത്ത് ​ഗോൾ നേടിയ ആല്‍വാരോ മൊറാട്ടയുടെ കിക്ക് ഗോള്‍കീപ്പര്‍ ഡോണറുമ്മ തട്ടിയകറ്റി.

ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെ ഇറ്റലി നേരിടും. ഈ വിജയത്തോടെ തുടര്‍ച്ചയായി 33 മത്സരങ്ങളിലാണ് ഇറ്റലി തോല്‍വിയറിയാതെ മുന്നേറുന്നത്. പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനിയുടെ കീഴില്‍ അത്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി യൂറോ കപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും തോറ്റിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com