'ആശാനെ, മാരക്കാനയില്‍ കാണാം';  എംഎം മണിയെ വെല്ലുവിളിച്ച് ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും

അര്‍ജന്റീനിയന്‍ ആരാധകനായ എംഎം മണിയെ വെല്ലുവിളിക്കുകയാണ് മന്ത്രി ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും
'ആശാനെ, മാരക്കാനയില്‍ കാണാം';  എംഎം മണിയെ വെല്ലുവിളിച്ച് ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും

കൊളംബിയയെ തോല്‍പ്പിച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ സ്വപ്ന ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ പോര്‍വിളി തുടങ്ങി കഴിഞ്ഞു. ഇവിടെ അര്‍ജന്റീനിയന്‍ ആരാധകനായ എംഎം മണിയെ വെല്ലുവിളിക്കുകയാണ് മന്ത്രി ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും. 

അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ എന്നാണ് എംഎം മണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അര്‍ജന്റീന ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരായ കടകംപള്ളി സുരേന്ദ്രനും വി ശിവന്‍കുട്ടിയും എംഎം മണിയെ വെല്ലുവിളിച്ച് എത്തി.

ആശാനേ... ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്‌ബോള്‍ ചരിത്രം കുറിക്കും എന്നാണ് കടകംപള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കോപ്പ ഫൈനലില്‍ തീപാറും, ബ്രസീല്‍ അര്‍ജന്റീനയെ നേരിടും, ആശാനേ മാറക്കാനയില്‍ കാണാം എന്നാണ് ശിവന്‍കുട്ടി കുറിച്ചത്.

കോപ്പയില്‍ ബ്രസീല്‍ ഫൈനലില്‍ കടന്നതിന് പിന്നാലെ മെസിയുടെ അര്‍ജന്റീനയെയാണ് കാത്തിരിക്കുന്നത് എന്നും മന്ത്രി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. കോപ്പ ആരംഭിച്ചപ്പോള്‍ തന്നെ ഉറപ്പാണ് അര്‍ജന്റീന എന്ന് ഉറപ്പിച്ചാണ് മെസിക്കും കൂട്ടര്‍ക്കുമുള്ള പിന്തുണ എംഎം മണി പ്രഖ്യാപിച്ചിരുന്നത്. 

സെമി ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനല്‍ ഉറപ്പിച്ചത്. ലൗതാറോ മാര്‍ട്ടിനസിന്റെ ഏഴാം മിനിറ്റിലെ ഗോളിന് ലൂയി ഡയസ് നല്‍കിയ മറുപടിയോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഇവിടെ മൂന്ന് സേവുകളുമായി എമിലിയാനോ മാര്‍ട്ടിനസ് തിളങ്ങിയപ്പോള്‍ അര്‍ജന്റീന മാരക്കാനയിലേക്ക് പറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com