11ല്‍ 9 ഗോളിലും മെസിയുടെ സ്പര്‍ശം; ഫൈനലിലും തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ മുന്‍പില്‍, മറികടക്കുന്നവരില്‍ പെലെയും

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ ഒരുപിടി റെക്കോര്‍ഡുകളും മെസിയുടെ മുന്‍പിലുണ്ട്
കോപ്പ അമേരിക്ക മല്‍സരത്തിനിടെ മെസ്സി / ട്വിറ്റര്‍
കോപ്പ അമേരിക്ക മല്‍സരത്തിനിടെ മെസ്സി / ട്വിറ്റര്‍

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലിലേക്ക് എത്തി നില്‍ക്കുമ്പോള്‍ അടിച്ചത് 11 ഗോളുകള്‍. അതില്‍ 9 ഗോളിലും നായകന്‍ മെസിയുടെ സ്പര്‍ശം. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ ഒരുപിടി റെക്കോര്‍ഡുകളും മെസിയുടെ മുന്‍പിലുണ്ട്. 

നാല് ഗോളാണ് കോപ്പ 2021ല്‍ മെസി ഇതുവരെ സ്‌കോര്‍ ചെയ്തത്. അതില്‍ രണ്ടെണ്ണം ഫ്രീകിക്കില്‍ നിന്ന്. കൊളംബിയക്കെതിരെ സെമിയില്‍ അര്‍ജന്റീന ഇറങ്ങിയപ്പോള്‍ അത് മെസിയുടെ ദേശിയ ടീമിന് വേണ്ടിയുള്ള 150ാം മത്സരമായിരുന്നു. 

ആറ് കളിയില്‍ നിന്ന് അഞ്ച് അസിസ്റ്റുമായി മെസി ഇതിനോടകം തന്നെ റെക്കോര്‍ഡിട്ടു കഴിഞ്ഞു. കോപ്പ അമേരിക്കയിലെ ഒരു എഡിഷനില്‍ ഇത്രയും അസിസ്റ്റുകളുമായി നിറഞ്ഞ ഒരേയൊരു താരം മെസി. കോപ്പയിലെ ഗോള്‍ വേട്ടയില്‍ ഒന്നാമത് എത്താന്‍ മെസിക്ക് ഇനി വേണ്ടത് നാല് ഗോളുകളാണ്. 

ആറ് കോപ്പ അമേരിക്കയില്‍ നിന്നായി 13 ഗോളാണ് ഇതുവരെ മെസിയില്‍ നിന്ന് വന്നത്. 17 ഗോളുമായി ബ്രസീലിന്റെ സിസിനോ, അര്‍ജന്റീനയുടെ നോര്‍ബെര്‍ടോ മെന്‍ഡെസ് എന്നിവരാണ് മെസിക്ക് മുന്‍പില്‍ ഇപ്പോഴുള്ളത്. 

150 മത്സരങ്ങളില്‍ നിന്നായി 76 ഗോളാണ് ഇപ്പോള്‍ മെസിയുടെ അക്കൗണ്ടിലുള്ളത്. കോണ്‍മെബോള്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം എന്ന റെക്കോര്‍ഡ് പെലെയുടെ പേരിലാണ്. 92 കളിയില്‍ നിന്ന് 77 ഗോള്‍. ഇത് ബ്രസീലിന് എതിരായ ഫൈനലില്‍ മെസി മറികടക്കുമോയെന്ന ആകാംക്ഷയിലുമാണ് ഫുട്‌ബോള്‍ ലോകം. 

ബ്രസീലിന് എതിരെ ഫൈനലില്‍ ഇറങ്ങുമ്പോള്‍ കോപ്പയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ കൂട്ടത്തിലേക്കും മെസി എത്തും. മെസിയുടെ കോപ്പയിലെ 34ാം മത്സരമാവും അത്. ചിലിയുടെ സെര്‍ജിയോ ലിവിങ്‌സ്റ്റണിനൊപ്പമാണ് മെസി ഇവിടെയെത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com