ഡെന്‍മാര്‍ക്കിന്റെ സ്വപ്‌ന തേരോട്ടത്തിന് അവസാനം; ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് 

നിശ്ചിത സമയത്ത് ഇരു ടീമും തുല്യത പാലിച്ചപ്പോള്‍ അധിക സമയത്ത് നായകന്‍ ഹാരി കെയ്‌നില്‍ നിന്ന് വന്ന ഗോളാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്താന്‍ തുണച്ചത്
ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍/ഫോട്ടോ: ട്വിറ്റര്‍
ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍/ഫോട്ടോ: ട്വിറ്റര്‍

വെംബ്ലി: ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട്. അറുപതിനായിരത്തോളം കാണികള്‍ നിറഞ്ഞ വെംബ്ലിയില്‍ ഡെന്‍മാര്‍ക്കിനെ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് സൗത്ത്‌ഗേറ്റിന്റെ സംഘത്തിന്റെ ഫൈനല്‍ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ ഇറ്റലിയെ ഇംഗ്ലണ്ട് നേരിടും. 

നിശ്ചിത സമയത്ത് ഇരു ടീമും തുല്യത പാലിച്ചപ്പോള്‍ അധിക സമയത്ത് നായകന്‍ ഹാരി കെയ്‌നില്‍ നിന്ന് വന്ന ഗോളാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്താന്‍ തുണച്ചത്. 55 വര്‍ഷത്തിന് ഇടയില്‍ ഇംഗ്ലണ്ട് ആദ്യമായാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. 1966ലെ ലോകകപ്പ് ജയത്തിന് ശേഷമുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കുകയാണ് ഫൈനലില്‍ ഇനി അവരുടെ ലക്ഷ്യം. 

30ാം മിനിറ്റിലെ ഡാംസ്ഗാര്‍ഡിന്റെ 25 യാര്‍ഡ് ഫ്രീകിക്കിന്റെ സന്തോഷം 39ാം മിനിറ്റില്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളിലൂടെ തട്ടിയകന്നു. പിന്നാലെ കളിയില്‍ മുന്‍തൂക്കം നിലനിര്‍ത്തി ഇംഗ്ലണ്ട് പന്ത് തട്ടിയെങ്കിലും ഗോള്‍ വല കുലുക്കാനുള്ള ശ്രമങ്ങള്‍ ഡെന്‍മാര്‍ക്ക് പ്രതിരോധത്തില്‍ തട്ടിയകന്നു. 

39ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ്ങിലേക്ക് പന്ത് എത്തുന്നത് തടയാനുള്ള ശ്രമത്തിന് ഇടയിലാണ് ഡെന്‍മാര്‍ക്ക് നായകന്റെ കാലില്‍ തട്ടി പന്ത് വലയ്ക്കുള്ളിലാവുന്നത്. 103ാം മിനിറ്റില്‍ വിജയ ഗോള്‍ നേടാനുള്ള അവസരം ഇംഗ്ലണ്ടിന് മുന്‍പിലെത്തി. സ്റ്റെര്‍ലിങ്ങിനെ ബോക്‌സിനുള്ളില്‍ യോക്കീം മേയ് വീഴ്ത്തിയതോടെ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് ചൂണ്ടി. 

എന്നാല്‍ കെയ്ന്‍ എടുത്ത കിക്ക് ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് എടുത്ത് കെയ്ന്‍ ഇംഗ്ലണ്ടിനായി വിജയ ഗോള്‍ നേടി. ഇത് തുടരെ മൂന്നാം മത്സരത്തിലാണ് ഹാരി കെയ്ന്‍ ഗോള്‍ വല കുലുക്കുന്നത്. കെയ്‌നിന്റെ യൂറോയിലെ നാലാമത്തെ ഗോളാണ് ഇത്. 

ഒരു ഗോള്‍ പോലും വഴങ്ങാതെയായിരുന്നു ഇംഗ്ലണ്ട് സെമി വരെ എത്തിയത്. എന്നാല്‍ ഡംസ്ഗാര്‍ഡിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഇംഗ്ലണ്ടിന്റെ ആ നേട്ടത്തിന് തിരശീലയിട്ടു. 39ാം മിനിറ്റില്‍ സമനില ഗോള്‍ നേടുന്നതിന് മുന്‍പ് സ്റ്റെര്‍ലിങ്ങിന്റെ പോയിന്റ് ബ്ലാങ്ക് റേഞ്ച് ഭീഷണി കാസ്പര്‍ തട്ടിയകറ്റിയിരുന്നു. മഗ്വയറിന്റെ ഹെഡറില്‍ നിന്നും അധിക സമയത്ത് കെയ്‌നിന്റേയും ഗ്രീലീഷിന്റേയും ഗോള്‍ ശ്രമങ്ങള്‍ക്കും കാസ്പര്‍ തടയിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com