​ഗോളുകൾ അടിച്ചുകൂട്ടി ഫൈനലിലെത്തിച്ചു; ഹൊവാർഡ് ജൂനിയർ സ്‌കൂൾ ഇനി 'ഹാരി കെയ്ൻ ജൂനിയർ സ്‌കൂൾ' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2021 07:38 PM  |  

Last Updated: 09th July 2021 07:38 PM  |   A+A-   |  

Norfolk school changes name to Harry Kane Junior

ഫോട്ടോ: ട്വിറ്റർ

 

ലണ്ടൻ: യൂറോ കപ്പിനെത്തുമ്പോൾ ഇം​ഗ്ലണ്ട് നായകൻ ഹാരി കെയ്ൻ അത്ര ഫോമിലായിരുന്നില്ല. പക്ഷേ ചരിത്രത്തിൽ ആദ്യമായി ഇം​ഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ ഇറ്റലി നേരിടാനിറങ്ങുമ്പോൾ ടീമിനെ മുന്നിൽ നിന്ന് നയിച്ചതിന്റെ കരുത്തിലാണ് നായകൻ നിൽക്കുന്നത്. 

ഇപ്പോഴിതാ ശ്രദ്ധേയമായൊരു റിപ്പോർട്ടാണ് ഇം​ഗ്ലണ്ടിൽ നിന്ന് വരുന്നത്. യൂറോ കപ്പ് സെമിയിൽ ഡെൻമാർക്കിനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിലെത്തിയതിനു പിന്നാലെ തങ്ങളുടെ സ്‌കൂളിന് ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ പേര് നൽകിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു സ്‌കൂൾ.

കിങ്‌സ് ലിന്നിലുള്ള പാർക്ക്‌വെയിലെ ഹൊവാർഡ് ജൂനിയർ സ്‌കൂൾ അധികൃതരാണ് സ്‌കൂളിന്റെ പേരുമാറ്റി ഹാരി കെയ്ൻ ജൂനിയർ സ്‌കൂൾ എന്നാക്കിയത്. യൂറോ കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ നേടിയ ഹാരി കെയ്‌നിന്റെ പ്രകടനമാണ് സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടാൻ കാരണം. 

യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ഫൈനലിൽ കടക്കുന്നത്. 1966 ലോകകപ്പിന് ശേഷം ഇംഗ്ലീഷ് ടീം ആദ്യമായിട്ടാണ് പ്രധാനപ്പെട്ട ടൂർണമെന്റിന്റെ ഫൈനലിൽ കടക്കുന്നത്.