വിംബിൾഡണിലും 'ജോക്കോ മാജിക്ക്'- കിരീടത്തിൽ മുത്തം; റെക്കോർഡ് നേട്ടത്തിൽ ഇനി ഫെഡറർക്കും നദാലിനുമൊപ്പം

വിംബിൾഡണിലും 'ജോക്കോ മാജിക്ക്'- കിരീടത്തിൽ മുത്തം; റെക്കോർഡ് നേട്ടത്തിൽ ഇനി ഫെഡറർക്കും നദാലിനുമൊപ്പം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിൾഡൺ കിരീടത്തിലും ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിചിന്റെ മുത്തം. ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ വീഴ്ത്തിയാണ് ജോക്കോയുടെ വിജയം. താരത്തിന്റെ ആറാം വിംബിൾഡൺ കിരീടവും 20ാം ഗ്രാൻഡ്സ്ലാം നേട്ടവുമാണിത്. കിരീട വിജയത്തോടെ റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി. 

മൂന്ന് മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിൽ ഇത്തവണയും ജോക്കോ പതിവു തെറ്റിച്ചില്ല. ആദ്യ സെറ്റ് കൈവിട്ടു. പിന്നീടു തുടർച്ചയായി മൂന്ന് സെറ്റുകളിൽ ആധികാരിക വിജയം. സ്കോർ: 6–7 (4-7), 6–4, 6–4, 6–3.

2021-ൽ നടന്ന ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ താരത്തിന്റെ 21-ാം ജയമാണിത്. ഓപ്പൺ കാലഘട്ടത്തിൽ എല്ലാ നാല് ഗ്രാൻഡ്സ്ലാമും രണ്ട് തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കിയിരുന്നു.

30–ാം ഗ്രാൻസ്‌ലാം ഫൈനൽ കളിച്ച ജോക്കോയും കന്നി ഫൈനൽ കളിച്ച ബെറെറ്റിയും ടെന്നിസ് പ്രേമികൾക്കു നൽകിയത് ഉഗ്രനൊരു കളി വിരുന്നാണ്. 25 വയസിന്റെ ചുറുചുറുക്കോടെ കോർട്ടിൽ ഓടിക്കളിച്ച ഇറ്റാലിയൻ താരത്തിനെതിരെ ജോക്കോയ്ക്കു നന്നായി വിയർക്കേണ്ടിവന്നു. റിട്ടേണുകളിലും ക്രോസ് കോർട്ട് ഷോട്ടുകളിലും ജോക്കോ മികച്ചു നിന്നപ്പോൾ 222 കിലോമീറ്റർ‌ വരെ വേഗത്തിൽ‌ പാഞ്ഞ എയ്സുകളുടെ കരുത്തിലാണ് ബെറെറ്റിനി പിടിച്ചു നിന്നത്. ഡ്രോപ് ഷോട്ടുകളിലെ മേധാവിത്തം ജോക്കോയ്ക്കു തുണയായി.

പതിവിനു വിപരീതമായി തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ജോക്കോവിച്ചിനെയാണ് ഇത്തവണ കണ്ടത്. ആദ്യ സെറ്റിൽ 5–2നു മുന്നിലെത്തി. സെറ്റ് നഷ്ടത്തിന്റെ വക്കിൽ നിന്ന് ഉജ്വലമായി തിരിച്ചെത്തിയ ബെറെറ്റിനി ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തമാക്കി. എന്നാൽ തുടർ‌ന്നുള്ള മൂന്ന് സെറ്റുകളിലും ജോക്കോയുടെ മുന്നേറ്റമായിരുന്നു. നിർണായക സമയങ്ങളിൽ റിട്ടേണുകൾ നെറ്റിൽ കുരുങ്ങിയതു ബെറെറ്റിനിക്കു വിനയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com