ടി20യില്‍ 14,000 റണ്‍സ്, നേട്ടം തൊടുന്ന ആദ്യ താരം; ഓസ്‌ട്രേലിയക്കെതിരെ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് 

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ ജയത്തിലേക്ക് എത്തിക്കുന്നതിന് ഇടയിലാണ് ക്രിസ് ഗെയ്ല്‍ റെക്കോര്‍ഡ് കുറിച്ചത്
ക്രിസ് ഗെയ്ല്‍/ഫോട്ടോ: ട്വിറ്റര്‍
ക്രിസ് ഗെയ്ല്‍/ഫോട്ടോ: ട്വിറ്റര്‍

സെന്റ് ലൂസിയ: ട്വന്റി20 ക്രിക്കറ്റില്‍ 14,000 റണ്‍സ് കണ്ടെത്തുന്ന ആദ്യ താരമായി വിന്‍ഡിസിന്റെ ക്രിസ് ഗെയ്ല്‍. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ ജയത്തിലേക്ക് എത്തിക്കുന്നതിന് ഇടയിലാണ് ക്രിസ് ഗെയ്ല്‍ റെക്കോര്‍ഡ് കുറിച്ചത്. 

വിന്‍ഡിസ് ഇന്നിങ്‌സിന്റെ 9ാം ഓവറില്‍ ആദം സാംപയെ സിക്‌സ് പറത്തിയാണ് 14000 എന്ന നാഴികക്കല്ലിലേക്ക് 41കാരനായ  ഗെയ്ല്‍ പറന്നെത്തിയത്. 10836 റണ്‍സുമായി ഈ പട്ടികയില്‍ വിന്‍ഡിസിന്റെ തന്നെ പൊള്ളാര്‍ഡ് ആണ് ഗെയ്‌ലിന് പിന്നിലുള്ളത്. 

425 ടി20 മത്സരങ്ങളില്‍ നിന്ന് 10074 റണ്‍സുമായി പാകിസ്ഥാന്റെ ഷുഐബ് മാലിക്കും 304 മത്സരങ്ങളില്‍ നിന്ന് 10017 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 310 കളിയില്‍ നിന്ന് 9992 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തുണ്ട്. 

22 സെഞ്ചുറിയും 86 അര്‍ധ ശതകവും ടി20 ക്രിക്കറ്റില്‍ ഗെയ്‌ലിന്റെ പേരിലുണ്ട്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി നേടിയ 175 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ആയിരത്തിന് മുകളില്‍ സിക്‌സുകളാണ് കുട്ടിക്രിക്കറ്റ് പൂരത്തില്‍ ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും പറന്നത്. 

മൂന്നാം ടി20യിലും ജയം പിടിച്ചതോടെ അഞ്ച് കളിയുടെ പരമ്പര 3-0ന് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി കഴിഞ്ഞു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ 20 ഓവറില്‍ നേടാനായത് 141 റണ്‍സ് മാത്രം. 

ചെയ്‌സ് ചെയ്ത് ഇറങ്ങിയ വിന്‍ഡിസ് 42-2ലേക്ക് വീണെങ്കിലും അര്‍ധ ശതകവുമായി ഗെയ്ല്‍ പിടിച്ചു നിന്നു. 38 പന്തില്‍ നിന്ന് നാല് ഫോറും ഏഴ് സിക്‌സും പറത്തി 67 റണ്‍സ് എടുത്താണ് ഗെയ്ല്‍ മടങ്ങിയത്. ആദ്യ രണ്ട് ടി20യിലും പരാജയപ്പെട്ടതോടെ ഗെയ്‌ലിന് നേര്‍ക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com