12.1 ഡിഗ്രി സ്പിന്‍ ചെയ്ത പന്ത്, ഇമാം ഉള്‍ ഹഖിന്റെ വീഴ്ത്തി പാര്‍കിന്‍സണിന്റെ അത്ഭുത ഡെലിവറി

'ഡെലിവറി ഓഫ് ദി ഇയര്‍' എന്നാണ് പാര്‍കിന്‍സണിന്റെ ഡെലിവറിയെ ചൂണ്ടി ഇപ്പോള്‍ അഭിപ്രായം ഉയരുന്നത്
പാകിസ്ഥാനെതിരായ കളിയില്‍ മാറ്റ് പാര്‍കിന്‍സണ്‍/ഫോട്ടോ: ട്വിറ്റര്‍
പാകിസ്ഥാനെതിരായ കളിയില്‍ മാറ്റ് പാര്‍കിന്‍സണ്‍/ഫോട്ടോ: ട്വിറ്റര്‍

എഡ്ജ്ബാസ്റ്റന്‍: പാകിസ്ഥാനെതിരായ ഏകദിന പരമ്പര 3-0ന് ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 300ന് മുകളില്‍ വിജയലക്ഷ്യം പാകിസ്ഥാന്‍ ഇംഗ്ലണ്ടിന് മേല്‍ വെച്ചെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ശേഷിക്കെ ഇംഗ്ലണ്ട് ജയം പിടിച്ചു. 

ഇവിടെ ഇംഗ്ലണ്ട് ജയത്തിനൊപ്പം ചര്‍ച്ചയാവുകയാണ് സ്പിന്നര്‍ മാറ്റ് പാര്‍കിന്‍സണിന്റെ സ്പിന്‍ ഡെലിവറിയും. പാകിസ്ഥാന്റെ ഇമാം ഉള്‍ ഹഖിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് എത്തിയത് പാര്‍കിന്‍സണിന്റെ അതിശയിപ്പിക്കുന്ന ലെഗ് സ്പിന്‍. 

ഡെലിവറി ഓഫ് ദി ഇയര്‍ എന്നാണ് പാര്‍കിന്‍സണിന്റെ ഡെലിവറിയെ ചൂണ്ടി ഇപ്പോള്‍ അഭിപ്രായം ഉയരുന്നത്. ഔട്ട്‌സൈഡ് സ്റ്റംപിന് പുറത്തായി പിച്ച് ചെയ്താണ് പാര്‍കിന്‍സണിന്റെ ഡെലിവറി എത്തിയത്. ഇവിടെ ഇമാം ഉള്‍ ഹഖ് തന്റെ ഫ്രണ്ട് ഫൂട്ടിലേക്ക് വന്ന് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്പിന്‍ ചെയ്ത പന്ത് സ്റ്റംപ് ഇളക്കി. 

ബാറ്റ്‌സ്മാനേയും തന്റെ സഹതാരങ്ങളെ തന്നേയും ഞെട്ടിച്ചായിരുന്നു ഇംഗ്ലണ്ട് ലെഗ് സ്പിന്നറുടെ ഡെലിവറി. 12.1 ഡിഗ്രിയില്‍ പന്ത് അവിടെ സ്പിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്പിന്‍ എന്നാണ് പാര്‍കിന്‍സണിന്റെ ഡെലിവറിയെ ചൂണ്ടി അഭിപ്രായം ഉയരുന്നത്. 

അര്‍ധ ശതകം നേടി നില്‍ക്കുകയായിരുന്നു ഇമാമിനെയാണ് അവിടെ ഇംഗ്ലണ്ട് സ്പിന്നര്‍ കൂടാരം കയറ്റിയത്. കളിയില്‍ 139 പന്തില്‍ നിന്ന് 14 ഫോറും നാല് സിക്‌സും പറത്തി 158 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 

മുഹമ്മദ് റിസ്വാന്‍ 74 റണ്‍സ് നേടി. എന്നാല്‍ ജെയിംസ് വിന്‍സിന്റെ സെഞ്ചുറിയുടേയും ഗ്രിഗറിയുടെ അര്‍ധ ശതകത്തിന്റേയും ബലത്തില്‍ ഇംഗ്ലണ്ട് വിജയ ലക്ഷ്യം മറികടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com