എല്ലാവരേയും സന്തോഷത്തോടെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് എന്റെ നായകത്വം: ശിഖര്‍ ധവാന്‍

ടീമിനെയാകെ നല്ല മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ധവാന്‍ പറഞ്ഞു
ശിഖർ ധവാൻ/ഫയൽ ചിത്രം
ശിഖർ ധവാൻ/ഫയൽ ചിത്രം

കൊളംബോ: എല്ലാവരേയും സന്തോഷത്തോടെ ചേര്‍ത്ത് നിര്‍ത്തുകയാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ആശയം എന്ന് ശിഖര്‍ ധവാന്‍. ടീമിനെയാകെ നല്ല മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ധവാന്‍ പറഞ്ഞു. 

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 ടീമിനെ ധവാനാണ് നയിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍ ഉപനായകന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി കോഹ് ലിയും സംഘവും ഇംഗ്ലണ്ടിലായതിനാലാണ് നായക സ്ഥാനത്തേക്ക് ധവാന് നറുക്ക് വീണത്. 

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുക എന്നത് വലിയ നേട്ടമാണ്. എല്ലാവരേയും സന്തോഷത്തോടെ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് എന്റെ ക്യാപ്റ്റന്‍സിയിലെ ആശയം. ഒരുകൂട്ടം നല്ല കളിക്കാരും, മികച്ച സപ്പോര്‍ട്ട് സ്റ്റാഫും നമുക്കുണ്ട്, ധവാന്‍ പറഞ്ഞു. 

രാഹുല്‍ ദ്രാവിഡുമായി എനിക്ക് നല്ല അടുപ്പമാണ്. ഞാന്‍ രഞ്ജി ട്രോഫി കളിക്കാന്‍ ആരംഭിച്ച സമയം അദ്ദേഹത്തിന് എതിരെ കളിച്ചിട്ടുണ്ട്. അന്ന് മുതല്‍ അദ്ദേഹത്തെ എനിക്ക് അറിയാം. ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ പോയപ്പോള്‍ ഞാനായിരുന്നു ക്യാപ്റ്റന്‍. ദ്രാവിഡ് കോച്ചും...

അദ്ദേഹം എന്‍സിഎയുടെ ഡയറക്ടറായപ്പോള്‍ 20 ദിവസത്തോളം അവിടെ പോകുമായിരുന്നു. ഞങ്ങള്‍ ഏറെ ആശയവിനിമയം നടത്താറുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നല്ല കെമിസ്ട്രിയുണ്ട്. ഇവിടെ ആറ് മത്സരങ്ങള്‍ ഒരുമിച്ച് കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. നന്നായി ഇഴകിചേരാന്‍ കഴിയുമെന്ന് കരുതുന്നു, ധവാന്‍ പറഞ്ഞു. 

യുവതാരങ്ങളെ ടീമില്‍ ലഭിച്ചതിലും അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് കാണുന്നതിലും സന്തോഷമുണ്ട്. അവരുടെ മികവിന്റെ മൂല്യം തിരിച്ചറിയുകയും മെച്ചപ്പെടാന്‍ വഴി കണ്ടെത്തുകയും വേണം. ടീമില്‍ മുതിര്‍ന്ന താരങ്ങളുമുണ്ട്. യുവതാരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളില്‍ നിന്ന് പഠിക്കാനുള്ള അവസരവും ഇവിടെ തെളിയുന്നു, ധവാന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com