ഓസീസിനെ 4-1ന് തകര്‍ത്ത് കരീബിയന്‍ പട; ടി20 ലോകകപ്പിന് മുന്‍പ് എതിരാളികള്‍ക്ക് മുന്നറിയിപ്പ്

ടി20 ലോക കിരീടം നിലനിര്‍ത്താന്‍ ഉറപ്പിച്ചാണ് തങ്ങള്‍ എത്തുന്നത് എന്ന് വിന്‍ഡിസ് വ്യക്തമാക്കുന്നു
ഓസ്‌ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം ലൂയിസിന്റെ ബാറ്റിങ്/ഫോട്ടോ: ട്വിറ്റര്‍
ഓസ്‌ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം ലൂയിസിന്റെ ബാറ്റിങ്/ഫോട്ടോ: ട്വിറ്റര്‍

സെന്റ് ലൂസിയ: അഞ്ച് ടി20കളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയയെ 4-1ന് തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. പരമ്പരയിലെ അവസാന ടി20യില്‍ 16 റണ്‍സിനാണ് വിന്‍ഡിസ് ജയം പിടിച്ചത്. ഇതോടെ ടി20 ലോക കിരീടം നിലനിര്‍ത്താന്‍ ഉറപ്പിച്ചാണ് തങ്ങള്‍ എത്തുന്നത് എന്ന് വിന്‍ഡിസ് വ്യക്തമാക്കുന്നു. 

ഈ വര്‍ഷം ശ്രീലങ്കക്കെതിരായ ടി20യോടെയാണ് വിന്‍ഡിസ് ടി20 ലോകകപ്പിനുള്ള ഒരുക്കം ആരംഭിച്ചത്. ശ്രീലങ്കയെ 3-2ന് തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി. എന്നാല്‍ ജൂണില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സ്വന്തം മണ്ണില്‍ ഇറങ്ങിയപ്പോള്‍ വിന്‍ഡിസ് പടയ്ക്ക് കാലിടറി. 

അഞ്ച് ടി20കളുടെ പരമ്പര 3-2ന് സൗത്ത് ആഫ്രിക്ക സ്വന്തമാക്കി. ഈ തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചുവന്നാണ് ഓസ്‌ട്രേലിയയെ വിന്‍ഡിസ് സംഘം പറ പറത്തുന്നത്. കൂറ്റനടിക്ക് പ്രാപ്തരായ ബാറ്റ്‌സ്മാന്മാരുടെ കരുത്ത് മാത്രമല്ല ബൗളിങ്ങിലും തങ്ങളെ ഭയക്കണം എന്ന് വിന്‍ഡിസ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ മുന്നറിയിപ്പ് നല്‍കുന്നു. 

ആദ്യ ടി20യില്‍ ഓസീസിനെ 127 റണ്‍സിനാണ് വിന്‍ഡിസ് ഓള്‍ഔട്ടാക്കിയത്. രണ്ടാം ടി20യില്‍ 196 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതിന് ശേഷം 140ന് ഓസീസിനെ പുറത്താക്കി. മൂന്നാം ടി20യില്‍ താരതമ്യേന ചെറിയ സ്‌കോറായ 141ല്‍ ഓസ്‌ട്രേലിയയെ കുരുക്കിയെ അനാസായം വിജയ ലക്ഷ്യം മറികടന്നു. 

നാലാം ടി20യിലാണ് ആശ്വാസ ജയത്തിലേക്ക് ഓസ്‌ട്രേലിയക്ക് എത്താനായത്. ഇവിടെ 189 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസ് നാല് റണ്‍സ് അകലെ തോല്‍വിയിലേക്ക് വീണു. അഞ്ചാം ടി20യില്‍ ലൂയിസിന്റെ ബാറ്റിങ് കരുത്തില്‍ ഓസീസിനെ വീഴ്ത്തി പരമ്പര ജയം വിന്‍ഡിസ് ആഘോഷമാക്കി. 34 പന്തില്‍ നിന്നാണ് ലൂയിസ് 79 റണ്‍സ് അടിച്ചെടുത്തത്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിനമാണ് ഇനി വിന്‍ഡിസ് ടീമിന്റെ മുന്‍പിലുള്ളത്. പിന്നാലെ ഓഗസ്റ്റില്‍ പാകിസ്ഥാന് എതിരെ 5 ടി20കളുടെ പരമ്പരയും ലോകകപ്പിന് മുന്‍പായി വിന്‍ഡിസ് ടീം കളിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com