'സഞ്ജു മികച്ച പ്രതിഭ, പക്ഷേ സ്വന്തം കഴിവിനോട് നീതി പുലര്‍ത്തണം'- മുന്‍ ഇന്ത്യന്‍ താരം പറയുന്നു

'സഞ്ജു മികച്ച പ്രതിഭ, പക്ഷേ സ്വന്തം കഴിവിനോട് നീതി പുലര്‍ത്തണം'- മുന്‍ ഇന്ത്യന്‍ താരം പറയുന്നു
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

മുംബൈ: ശ്രീലങ്കക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പോരാട്ടം നാളെ തുടങ്ങാനിരിക്കെ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണെ കുറിച്ച് ശ്രദ്ധേയ നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ ഓപണര്‍ വസിം ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഇപ്പോള്‍ ഹോട്ട് ആണ്. എല്ലാ ഫോര്‍മാറ്റിലും മികവുമായി ഋഷഭ് പന്ത് സ്ഥാനം ഉറപ്പിച്ച് നില്‍ക്കുമ്പോള്‍ ആ സ്ഥാനം ലക്ഷ്യമിട്ട് നില്‍ക്കുന്ന രണ്ട് താരങ്ങളാണ് സഞ്ജു സാംസണും ഇഷാന്‍ കിഷനും. പന്ത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിനൊപ്പമായതിനാല്‍ ശ്രീലങ്കക്കെതിരായ പോരാട്ടത്തിന് യുവ സംഘങ്ങളെയാണ് തിരഞ്ഞെടുത്തത്. ഈ ടീമില്‍ സഞ്ജുവും ഇഷാനും ഉള്‍പ്പെട്ടിട്ടുണ്ട്. 

നാളെ തുടങ്ങാനിരിക്കുന്ന പോരാട്ടത്തില്‍ നിലവില്‍ സഞ്ജുവിനാണ് സാധ്യത നില്‍ക്കുന്നത്. ഇവിടെ മികവ് പുലര്‍ത്ത് ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് സഞ്ജു അടക്കമുള്ള താരങ്ങള്‍ ശ്രമിക്കുന്നത്. അതിനിടെയാണ് സഞ്ജുവിനെക്കുറിച്ചുള്ള ജാഫറിന്റെ കമന്റ്. 

'എനിക്ക് ഏറെ പ്രതീക്ഷയുള്ള താരമാണ് സഞ്ജു സാംസണ്‍. അവന്‍ നന്നായി കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആവേശമുള്ള താരമാണ് സഞ്ജു. പക്ഷേ ഇന്ത്യന്‍ ടീമിനായി തന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. തന്റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്തുന്നുണ്ട്. മികച്ച രീതിയില്‍ ഒരു കളിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്താല്‍ പിന്നീട് മൂന്നോ നാലോ കുറഞ്ഞ സ്‌കോറുകള്‍ കാണും. ഈ അസ്ഥിരത സഞ്ജു ശരിയാക്കണമെന്നാണ് എനിക്ക് തോന്നുന്നത് '- ജാഫര്‍ പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ നിയമിച്ചിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം താരത്തിന്റെ ഉത്തരവാദിത്വം കൂട്ടി എന്നാണ് തോന്നിയിട്ടുള്ളത് എന്ന് ജാഫര്‍ പറയുന്നു. 

'ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി രുന്നപ്പോള്‍ അദ്ദേഹത്തില്‍ ആ മാറ്റം ഞാന്‍ കണ്ടു. രണ്ട് കളികളില്‍ അദ്ദേഹം വളരെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തു. നിങ്ങള്‍ക്കറിയാമോ, അത്തരം സമീപനങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കാരണം അദ്ദേഹം ഒരു മികച്ച പ്രതിഭയാണ് '- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com