'സമയം പറയാനാവില്ല, ഒരിക്കല്‍ ഉറപ്പായും രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാവും'

'എപ്പോള്‍ ഇത് സംഭവിക്കും എന്ന് പറയാന്‍ എനിക്കാവില്ല. എന്നാല്‍ ദ്രാവിഡ് തയ്യാറാണെന്ന് വ്യക്തമാക്കുമ്പോള്‍ അത് സംഭവിക്കും'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് മുന്‍ ബാറ്റ്‌സ്മാന്‍ ഡബ്ല്യുവി രാമന്‍. എപ്പോള്‍ അത് സംഭവിക്കും എന്ന് എനിക്ക് പറയാനാവില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ദ്രാവിഡിന്റെ കൈകളിലേക്ക് എത്തും, ഡബ്ല്യു വി രാമന്‍ പറഞ്ഞു. 

എപ്പോള്‍ ഇത് സംഭവിക്കും എന്ന് പറയാന്‍ എനിക്കാവില്ല. എന്നാല്‍ ദ്രാവിഡ് തയ്യാറാണെന്ന് വ്യക്തമാക്കുമ്പോള്‍ അത് സംഭവിക്കും. എന്താണോ തങ്ങള്‍ക്കുള്ള കഴിവ് അത് കളിക്കാരെ ബോധ്യപ്പെടുത്താന്‍ ദ്രാവിഡിന് കഴിയും. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഈ യുവനിരയ്‌ക്കൊപ്പം ദ്രാവിഡ് പ്രവര്‍ത്തിക്കുന്നു. ഇനി ഒരു രണ്ട് വര്‍ഷം കൂടി തുടരെ പ്രവര്‍ത്തിച്ചാല്‍ അത് വളരെ അധികം ഗുണം ചെയ്യും. 

എത്ര കാലയളവാണ് കളിക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ പരിശീലകന് സാധിക്കുക എന്നത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദ്രാവിഡിന്റെ സാന്നിധ്യം തന്നെ കളിക്കാര്‍ക്ക് ഒരു ഉറപ്പ് നല്‍കുന്നുണ്ട്. കാരണം ശാന്തനാണ് ദ്രാവിഡ്. ക്രിക്കറ്റിന്റെ ഭാഗമാണ് തോല്‍വികളും എന്ന് ദ്രാവിഡ് വിശ്വസിക്കുന്നു. കളിക്കാര്‍ക്കൊപ്പം ഇരിക്കുന്നു. തങ്ങളെ തഴയില്ലെന്ന് കളിക്കാര്‍ക്ക് ഉറപ്പുണ്ടാവും. മോശം ഫോമില്‍ നില്‍ക്കുന്ന കളിക്കാര്‍ക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ് ദ്രാവിഡ് എന്നും ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. 

ശ്രീലങ്കക്കെതിരായ വൈറ്റ്‌ബോള്‍ പരമ്പരയോടെയാണ് ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം ലണ്ടനിലായതോടെയാണ് ഇത്. കൂടുതല്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുന്നത്. ഇവിടെ കളിക്കാരെ ഏത് വിധത്തില്‍ ദ്രാവിഡ് ഉപയോഗിക്കുന്നു എന്നത് ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com