തകര്‍ത്തടിച്ച് ഇന്ത്യ; 5 ഓവറില്‍ 57 റണ്‍സ്‌; വിജയലക്ഷ്യം 263

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു.
ശ്രീലങ്കയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ടീമീന്റെ ആഹ്ലാദം
ശ്രീലങ്കയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ടീമീന്റെ ആഹ്ലാദം


    
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 263 റണ്‍സ് വിജയലക്ഷ്യം. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 45 റണ്‍സ് എന്നനിലയിലാണ്. പൃഥ്വി ഷാ 39 റണ്‍സോടെയും ശിഖര്‍ ധവാന്‍ 4 റണ്‍സുമായി ബാറ്റ് ചെയ്യുന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ലങ്കന്‍ താരങ്ങളുടെ ചെറിയ സംഭാവനകളാണ് ടീമിനെ 262 റണ്‍സിലെത്തിച്ചത്. ലങ്കന്‍ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാനായില്ല. എട്ടാമനായി ഇറങ്ങി 35 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ചാമിക കരുണരത്നെയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ലങ്കയ്ക്കായി ഓപ്പണര്‍മാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും മിനോദ് ഭാനുകയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 55 പന്തില്‍ 49 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 35 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

പിന്നാലെ 17-ാം ഓവറില്‍ കുല്‍ദീപ് യാദവ് ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഓവറിലെ ആദ്യ പന്തില്‍ ഭാനുക രജപക്സയെ (24) മടക്കിയ കുല്‍ദീപ് യാദവ്, നാലാം പന്തില്‍ മിനോദ് ഭാനുകയേയും (27) പുറത്താക്കി. പിന്നാലെ 14 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയെ ക്രുനാല്‍ പാണ്ഡ്യ മടക്കി. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ചരിത് അസലങ്ക  - ദസുന്‍ ഷാനക സഖ്യം 49 റണ്‍സ് ലങ്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 38-ാം ഓവറില്‍ അസലങ്കയെ മടക്കി ദീപക് ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 65 പന്തില്‍ 38 റണ്‍സെടുത്താണ് താരം മടങ്ങിയത്. 50 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ദസുന്‍ ഷാനകയെ 44-ാം ഓവറില്‍ ചാഹല്‍ പുറത്താക്കി. 

വാനിന്ദു ഹസരംഗ (8), ഇസുരു ഉദാന (8), ദുഷ്മാന്ത ചമീര (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒമ്പതാം വിക്കറ്റില്‍ ചാമിക കരുണരത്നെ - ദുഷ്മാന്ത ചമീര സഖ്യം 40 രണ്‍സ് ചേര്‍ത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കരുണരത്നെയാണ് ലങ്കന്‍ സ്‌കോര്‍ 250 കടത്തിയത്. 

ഇന്ത്യയ്ക്കായി ദീപക് ചാഹര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com