‘എന്തറിഞ്ഞിട്ടാണ് ഈ വിമർശനം; ഞങ്ങളോടുള്ള വെറുപ്പാണ് അവിടെ കണ്ടത് ’- മുത്തയ്യ മുരളീധരനെതിരെ ശ്രീലങ്കൻ താരങ്ങൾ

‘എന്തറിഞ്ഞിട്ടാണ് ഈ വിമർശനം; ഞങ്ങളോടുള്ള വെറുപ്പാണ് അവിടെ കണ്ടത് ’- മുത്തയ്യ മുരളീധരനെതിരെ ശ്രീലങ്കൻ താരങ്ങൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: മുൻ ശ്രീലങ്കൻ താരവും ഇതിഹാസ സ്പിന്നറുമായ മുത്തയ്യ മുരളീധരനെ രൂക്ഷമായി വിമർശിച്ച് ലങ്കൻ താരങ്ങളായ ദിമുത് കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവർ രം​ഗത്ത്. ശ്രീലങ്കൻ ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കിയ പ്രതിഫല വിഷയത്തിൽ ബോർഡിനൊപ്പം നിന്ന് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ദിമുത് കരുണരത്‌നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. 

വളരെ കുറച്ചു പണത്തിനു വേണ്ടി നാല് മുതിർന്ന ലങ്കൻ താരങ്ങൾ മറ്റ് 37 താരങ്ങളുടെ കരിയർ അപകടത്തിലാക്കുന്നുവെന്നായിരുന്നു ഒരു ടിവി ചാനലിൽ മുത്തയ്യ മുരളീധരന്റെ വിമർശനം. ‘എന്തറിഞ്ഞിട്ടാണ് ഇത്തരമൊരു വിമർശനം’ എന്ന ചോദ്യവുമായാണ് മാത്യൂസും കരുണരത്‌നെയും ചേർന്ന് മുരളീധരന് കത്തെഴുതിയത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും അനാവശ്യമായ വിദ്വേഷത്തിന്റെ വെളിച്ചത്തിലുമാണ് മുരളീധരന്റെ വിമർശനമെന്ന് ഇരുവരും കത്തിൽ ആരോപിച്ചു.

‘കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാരണം സാമ്പത്തികം മാത്രമാണെന്ന താങ്കളുടെ പ്രസ്താവന അനുചിതവും അസത്യവുമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ താങ്കൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നതായി ഞങ്ങൾ സംശയിക്കുന്നു. താരങ്ങളും ബോർഡും തമ്മിൽ യോജിപ്പിലെത്തരുതെന്നും ഈ പ്രശ്നങ്ങൾ അനന്തമായി നീളണമെന്നും ആഗ്രഹിക്കുന്നവരാകും ഇതിനെല്ലാം പിന്നിൽ’.

‘ഞങ്ങളിലും ശ്രീലങ്കൻ ടീമിനുമേലും താങ്കൾക്കുള്ള അതൃപ്തിയും വെറുപ്പുമാണ് ചാനലിലൂടെ പ്രകടമാക്കിയത്. ഞങ്ങളെ പേരെടുത്തുതന്നെ താങ്കൾ വിമർശിച്ചു. സ്വകാര്യ യോഗങ്ങളിലോ മറ്റോ പറയേണ്ട അഭിപ്രായമാണ് താങ്കൾ പരസ്യമായി ഒരു ടിവി ചാനലിനെ തത്സമയ പരിപാടിയിൽ പറഞ്ഞത്’ – കത്തിൽ ആരോപിക്കുന്നു.

പ്രതിഫല വിഷയത്തിലെ തർക്കത്തെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ വാർഷിക കരാറിൽ ഒപ്പിടാൻ താരങ്ങൾ വിസമ്മതിച്ചത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് താത്കാലിക കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കൻ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിനു തയാറായതും ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നതും.

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കായി ശ്രീലങ്കൻ ബോർഡ് 30 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തതെങ്കിലും മാത്യൂസ് വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, മാത്യൂസിനെയും കരുണരത്‌നെയെയും കരാറിൽ നിന്ന് ബോർഡ് ഒഴിവാക്കിയതാണെന്ന് പിന്നീട് വ്യക്തമായി. ഇതിൽ ക്ഷുഭിതനായ മാത്യൂസ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം പരിഗണിക്കുന്നതായി ബോർഡിനെ അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്യൂസ് വി‌രമിക്കൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com