ഭുവനേശ്വറിനും ചഹലിനും മൂന്ന് വിക്കറ്റുകള്‍; ഭേദപ്പെട്ട സ്‌കോറുമായി ലങ്ക; ഇന്ത്യയ്ക്ക് ലക്ഷ്യം 276

ഭുവനേശ്വറിനും ചഹലിനും മൂന്ന് വിക്കറ്റുകള്‍; ഭേദപ്പെട്ട സ്‌കോറുമായി ലങ്ക; ഇന്ത്യയ്ക്ക് ലക്ഷ്യം 276
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ ഭേദപ്പെട്ട വിജയ ലക്ഷ്യം വച്ച് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക മികച്ച തുടക്കമിട്ടെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങുമോ എന്ന പ്രതീതി ഉണര്‍ത്തി. എന്നാല്‍ പിന്നീട് അവര്‍ മത്സരത്തില്‍ പിടിമുറുക്കി. 

65 റണ്‍സെടുത്ത ചരിത് അസലങ്കയാണ് ടോപ് സ്‌കോറര്‍. ഓപണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ 50 റണ്‍സെടുത്തു. മിനോദ് ഭനുക 36 റണ്‍സും ധനഞ്ജയ ഡി സില്‍വ 32 റണ്‍സും കണ്ടെത്തി. വാലറ്റത്ത് 44 റണ്‍സുമായി പുറത്താകാതെ നിന്ന ചിമിക കരുണരത്‌നെയുടെ ബാറ്റിങാണ് ലങ്കന്‍ സ്‌കോര്‍ 275ല്‍ എത്തിച്ചത്.  

ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലങ്കയ്ക്കായി ഫെര്‍ണാണ്ടോ- ഭനുക സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഓപണര്‍ ഭനുകയേയും പിന്നാലെ എത്തിയ ഭനുക രജപക്‌സയേയും തുടരെ മടക്കി ചഹല്‍ ലങ്കയെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് അവര്‍ മത്സരത്തിലേക്ക് മടങ്ങിയെത്തിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങിയത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലങ്ക പൊരുതാവുന്ന സ്‌കോറിലേക്ക് അപ്പോഴേക്കും എത്തിയിരുന്നു. 

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ദീപക് ചഹര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com