അവിശ്വസനീയ പ്രകടനവുമായി ചാഹര്‍ ; ലങ്കയെ കീഴടക്കി ഇന്ത്യയ്ക്ക് പരമ്പര

276 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു
അവിശ്വസനീയ പ്രകടനവുമായി ചാഹര്‍ ; ലങ്കയെ കീഴടക്കി ഇന്ത്യയ്ക്ക് പരമ്പര

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആവേശകരമായ മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ദീപക് ചാഹറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. 

276 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു. എട്ടാം വിക്കറ്റില്‍ ദീപക് ചഹര്‍- ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ 84 റണ്‍സ് കൂട്ടുകെട്ടാണ്  ഇന്ത്യയ്ക്ക്  ജയമൊരുക്കിയത്. 193 റണ്‍സ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ചഹര്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

64 പന്തുകളില്‍ നിന്നുമാണ് ചാഹര്‍ അര്‍ധശതകം നേടിയത്. ചാഹറിന്റെ ഏകദിനത്തിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. ചാഹറിന് മികച്ച പിന്തുണ നല്‍കിയ ഭുവനേശ്വര്‍ 28 പന്തുകളില്‍ നിന്നും 19 റണ്‍സ് നേടി. അവസാന പത്തോവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 67 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ വിക്കറ്റ് നഷ്ടം കൂടാതെ ചാഹറും ഭുവനേശ്വറും പരമ്പര വിജയം പിടിച്ചെടുക്കുകയായിരുന്നു. 

അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 44 പന്തുകളില്‍ നിന്നും ആറുബൗണ്ടറികളുടെ സഹായത്തോടെയാണ് സൂര്യകുമാര്‍ 53 റണ്‍സെടുത്തത്. ബൗളിംഗില്‍ ദീപക് ചാഹര്‍ രണ്ട് വിക്കറ്റും നേടിയിരുന്നു. 

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും ചരിത് അസലങ്കയുമാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.  70 പന്തുകളില്‍ നിന്നുമാണ് ഫെര്‍ണാണ്ടോ ഫിഫ്റ്റിയടിച്ചത്. കരിയറിലെ നാലാം അര്‍ധസെഞ്ചുറിയും, ഈ ടൂര്‍ണമെന്റിലെ ആദ്യ അര്‍ധസെഞ്ചുറിയുമാണിത്. 

56 പന്തുകളില്‍ നിന്നുമാണ് അസലങ്ക അര്‍ധശതകം കുറിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com