ഭുവിക്കും മുന്‍പേ ദീപക് ചഹറിനെ അയച്ച രാഹുല്‍ ദ്രാവിഡിന്റെ വിശ്വാസം; കോച്ചിന്റെ തീരുമാനത്തിന് കയ്യടി

ദീപക് ചഹറിന്റെ നേരത്തെയുള്ള വരവില്‍ പലരും നെറ്റിചുളിച്ചെങ്കിലും ഇന്ത്യ ജയിച്ചു കയറിയതോടെ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രത്തിന് കയ്യടി...
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ


കൊളംബോ: ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന് തകര്‍ന്ന് നില്‍ക്കുമ്പോള്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിന് പകരം ദീപക് ചഹറിനെയാണ് രാഹുല്‍ ദ്രാവിഡ് ഏഴാമനായി ക്രീസിലേക്ക് അയച്ചത്. ദീപക് ചഹറിന്റെ നേരത്തെയുള്ള വരവില്‍ പലരും നെറ്റിചുളിച്ചെങ്കിലും ഇന്ത്യ ജയിച്ചു കയറിയതോടെ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രത്തിന് കയ്യടി...

എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം 84 റണ്‍സിന്റെ വിജയ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ദീപക് ചഹറിന് കഴിഞ്ഞു. 82 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 69 റണ്‍സ് ആണ് ഇന്ത്യക്ക് പരമ്പര ജയം നേടി തന്ന കളിയില്‍ ദീപക് ചഹറില്‍ നിന്ന് വന്നത്. ദീപക് ചഹറിന്റെ ഏകദിന കരിയറിലെ ആദ്യ അര്‍ധശതകമാണ് ഇത്. 

തന്റെ ബാറ്റിങ് കഴിവില്‍ രാഹുല്‍ ദ്രാവിഡ് വിശ്വാസം അര്‍പ്പിച്ചെന്നാണ് ദീപക് ചഹര്‍ മത്സരത്തിന് ശേഷം പറഞ്ഞത്. എല്ലാ പന്തും കളിക്കാനാണ് രാഹുല്‍ ദ്രാവിഡ് എന്നോട് പറഞ്ഞത്. ഇന്ത്യ എയ്ക്ക് വേണ്ടി ഞാന്‍ ഏതാനും ഇന്നിങ്‌സ് കളിച്ചിരുന്നു. ദ്രാവിഡിന് എന്നില്‍ വിശ്വാസമുണ്ടെന്ന് എനിക്ക് തോന്നി. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ മാത്രം മികവ് എനിക്കുണ്ടെന്ന് ദ്രാവിഡ് എന്നോട് പറഞ്ഞു, മാച്ച് വിന്നിങ് ഇന്നിങ്‌സിന് ശേഷം ദീപക്  പറഞ്ഞു. 

എന്നില്‍ ദ്രാവിഡിന് വിശ്വാസമുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ എനിക്ക് ബാറ്റ് ചെയ്യേണ്ടതായി വരില്ലെന്ന് പ്രതീക്ഷിക്കുന്നു. ചെയ്‌സ് ചെയ്യേണ്ടത് 50ല്‍ താഴെ എത്തിയപ്പോഴാണ് നമുക്ക് വിജയിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നിയത്. അതിന് മുന്‍പ് ഓരോ പന്തും നേരിടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. 50ല്‍ താഴെ ചെയ്‌സ് ചെയ്യേണ്ടി വന്നത് മുതല്‍ ഞാന്‍ റിസ്‌ക് എടുത്ത് കളിക്കാന്‍ തുടങ്ങി. 

ആദ്യ ഏകദിനത്തില്‍ ബാറ്റിങ് കരുത്ത് ഇന്ത്യക്ക് പുറത്തെടുക്കാനായെങ്കില്‍ രണ്ടാം ഏകദിനത്തിലേക്ക് വന്നപ്പോള്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. പൃഥ്വി ഷാ 13 റണ്‍സെടുത്ത് മടങ്ങി. അരങ്ങേറ്റ ഏകദിനത്തില്‍ അര്‍ധ ശതകം നേടിയ ഇഷാന്‍ കിഷന്‍ ഒരു റണ്‍സും ധവാന്‍ 29 റണ്‍സുമെടുത്ത് കൂടാരം കയറിയതോടെ ഇന്ത്യ വിയര്‍ത്തു. 

മനീഷ് പാണ്ഡേ 37 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 44 പന്തില്‍ നിന്ന് 53 റണ്‍സ് എടുത്ത് ഇന്ത്യയെ കരകയറ്റാനുള്ള ശ്രമം നടത്തി. ക്രൂനാല്‍ പാണ്ഡ്യ 35 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഇന്ത്യ തോല്‍വി മുന്‍പില്‍ കണ്ടു. എന്നാല്‍ ദീപക് ചഹര്‍ അവിടെ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായി അവതരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com