സന്ദേശ് ജിങ്കന്‍ ഈ വര്‍ഷത്തെ താരം, എമര്‍ജിങ് പ്ലേയര്‍ സുരേഷ് സിങ് വാങ്ജം

ഈ വര്‍ഷത്തെ ഫുട്‌ബോള്‍ താരമായി ഇന്ത്യന്‍ പ്രതിരോധ നിര താരം സന്ദേശ് ജിങ്കനെ തെരഞ്ഞെടുത്ത് എഐഎഫ്എഫ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഫുട്‌ബോള്‍ താരമായി ഇന്ത്യന്‍ പ്രതിരോധ നിര താരം സന്ദേശ് ജിങ്കനെ തെരഞ്ഞെടുത്ത് എഐഎഫ്എഫ്. മിഡ്ഫീല്‍ഡര്‍ സുരേഷ് സിങ് വാങ്ജം ആണ് 2020-21 വര്‍ഷത്തെ എമര്‍ജിങ് പ്ലേയര്‍. 

ഐഎസ്എല്‍, ഐലീഗ് ടീമുകളുടെ പരിശീലകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ മികച്ച താരത്തേയും എമര്‍ജിങ് പ്ലേയറേയും തെരഞ്ഞെടുത്തത്. 2014ല്‍ ജിങ്കന്‍ എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ് നേടിയിരുന്നു. ആദ്യമായാണ് പ്ലേയര്‍ ഓഫ് ദി ഇയറായി ജിങ്കന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 

കൂടുതല്‍ മികവിലേക്ക് എത്താനുള്ള പ്രചോദനമായി ആ അവാര്‍ഡിനെ കാണുന്നതായി ജിങ്കന്‍ പറഞ്ഞു. കളിയോടുള്ള അഭിനിവേശം തുടരാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാവും ഇത്. ഒരുപാട് ഉത്തരവാദിത്വവും ഈ അവാര്‍ഡിനൊപ്പം വന്ന് ചേരുന്നു. ആരേയും നിരാശപ്പെടുത്തില്ല, ജിങ്കന്‍ പറഞ്ഞു. 

2015ലാണ് ജിങ്കന്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 40 കളിയില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങി. നാല് ഗോളുകളാണ് ഇന്ത്യന്‍ പ്രതിരോധനിര താരത്തിന്റെ പേരിലുള്ളത്. 2018ല്‍ ഹീറോ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഉയര്‍ത്തിയ സംഘത്തിലും ജിങ്കനുണ്ടായിരുന്നു. 2019ല്‍ ഖത്തറിനെതിരെ ഇന്ത്യ ഓര്‍ത്തു വെക്കാന്‍ പാകത്തില്‍ സമനില പിടിച്ച കളിയിലും ജിങ്കന്റെ പ്രകടനം കയ്യടി നേടി. 

5 കളിയിലാണ് ഇന്ത്യന്‍ ടീമിനെ ജിങ്കന്‍ നയിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒമാനെ ഇന്ത്യ നേരിട്ടപ്പോഴാണ് അവസാനമായി ജിങ്കന്‍ ഇന്ത്യന്‍ ക്യാപ്റ്റനായത്. 2020ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com