ഏകദിന റാങ്കില്‍ ശിഖര്‍ ധവാന് മുന്നേറ്റം; ടി20യില്‍ 144 സ്ഥാനം കയറി ലിവിങ്സ്റ്റണിന്റെ കുതിപ്പ്

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിന് പിന്നാലെ ശിഖര്‍ ധവാന് ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടം
ശിഖർ ധവാൻ/ഫയൽ ചിത്രം
ശിഖർ ധവാൻ/ഫയൽ ചിത്രം

ദുബായ്: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിന് പിന്നാലെ ശിഖര്‍ ധവാന് ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടം. രണ്ട് സ്ഥാനം മുന്‍പോട്ട് കയറി ധവാന്‍ 16ാം റാങ്കിലെത്തി. 

ശ്രീലങ്കക്കെതിരെ ആദ്യ ഏകദിനത്തില്‍ 86 റണ്‍സ് നേടി ധവാന്‍ പുറത്താവാതെ നിന്നിരുന്നു. ഇതാണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് ധവാനെ തുണച്ചത്. 712 പോയിന്റോടെയാണ് ധവാന്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 848 പോയിന്റാണ് കോഹ് ലിക്കുള്ളത്. ബൗളര്‍മാരില്‍ ഇന്ത്യയുടെ ചഹല്‍ നാല് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി 20ാം റാങ്കിലെത്തി. ശ്രീലങ്കയുടെ ഹസരങ്ക 22 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 36ാം റാങ്കിലെത്തി. 

സിംബാബ്വെ-ബംഗ്ലാദേശ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര, സൗത്ത് ആഫ്രിക്ക-അയര്‍ലാന്‍ഡ് മൂന്നാം ഏകദിനം, ശ്രീലങ്ക-ഇന്ത്യ ആദ്യ രണ്ട് ഏകദിനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഐസിസി റാങ്കിങ്ങിലെ ഇപ്പോഴത്തെ മാറ്റം. 

സൗത്ത് ആഫ്രിക്കയുടെ ഷംസി ആറ് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി 51ാം സ്ഥാനത്തെത്തി. സിംബാബ്വെയുടെ മുസാറാബനി 23 സ്ഥാനങ്ങള്‍ കയറി 70ാം റാങ്കില്‍ നില്‍ക്കുന്നു.

പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍, ഇംഗ്ലണ്ട് മധ്യനിര താരം ലിവിങ്സ്റ്റണ്‍ എന്നിവരാണ് ടി20 റാങ്കിങ്ങില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവര്‍. കരിയര്‍ ബെസ്റ്റായ ഏഴാം റാങ്കിലാണ് മുഹമ്മദ് റിസ്വാന്‍ എത്തിയത്. ഇംഗ്ലണ്ടിന് എതിരായ മൂന്ന് ടി20യുടെ പരമ്പരയില്‍ റിസ്വാന്‍ 176 റണ്‍സ് നേടി. കരിയറില്‍ ആദ്യമായാണ് റിസ്വാന്‍ ടോപ് 10ല്‍ ഇടംപിടിക്കുന്നത്. 

144 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറിയാണ് 27ാം റാങ്കിലേക്ക് ലിവിങ്‌സ്റ്റണ്‍ എത്തിയത്. ഒരുവര്‍ഷം മുന്‍പ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം എട്ട് ടി20 മാത്രമാണ് ലിവിങ്സ്റ്റന്‍ കളിച്ചിട്ടുള്ളത്. പാകിസ്ഥാനെതിരെ 43 പന്തില്‍ 103 റണ്‍സ് നേടിയ ഇന്നിങ്‌സ് ആണ് ലിവിങ്സ്റ്റണിനെ തുണച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com