ക്രിക്കറ്റ് മതിയാക്കി വേറെ പണി നോക്കാന്‍ ചഹറിനോട് ചാപ്പല്‍ പറഞ്ഞു; വിദേശ കോച്ചുകളെ ഗൗനിക്കരുത്: വെങ്കടേഷ് പ്രസാദ് 

ദീപക് ചഹറിനെ പണ്ടൊരിക്കല്‍ ഇന്ത്യന്‍ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഒഴിവാക്കിയതിന്റെ കാരണമാണ് വീണ്ടും ചര്‍ച്ചയായി ഉയരുന്നത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ


ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ഹീറോ ആവുകയായിരുന്നു ദീപക് ചഹര്‍. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് 193 റണ്‍സ് എന്ന നിലയില്‍ നിന്നിടത്ത് നിന്നാണ് ദീപക് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഈ സമയം ദീപക് ചഹറിനെ പണ്ടൊരിക്കല്‍ ഇന്ത്യന്‍ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഒഴിവാക്കിയതിന്റെ കാരണമാണ് വീണ്ടും ചര്‍ച്ചയായി ഉയരുന്നത്. 

മറ്റൊരു തൊഴില്‍ തെരഞ്ഞെടുക്കാന്‍ ദീപക് ചഹറിനൊട് ഗ്രെഗ് ചാപ്പല്‍ നിര്‍ദേശിച്ചതായാണ് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ് പറയുന്നത്. പൊക്കക്കുറവ് ചൂണ്ടിയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ടീമില്‍ നിന്ന് ദീപക് ചഹറിനെ ഗ്രെഗ് ചാപ്പല്‍ ഒഴിവാക്കിയത്. 

അവനാണ് ഇന്ന് ഇന്ത്യയെ ഒറ്റയ്ക്ക് ജയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ് പോലുമല്ല ഇവിടെ ജയത്തിലേക്ക് എത്താനായി ദീപക് പുറത്തെടുത്ത്. ഈ കഥയുടെ സാരാശം ഇതാണ്, നിങ്ങളില്‍ വിശ്വസിക്കുക. വിദേശ പരിശീലകരുടെ വാക്കുകള്‍ കാര്യമായെടുക്കാതിരിക്കുക, വെങ്കടേഷ് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യയില്‍ ഇത്രയും കഴിവുള്ള ആളുകളുള്ളപ്പോള്‍ ടീമുകളും ഫ്രാഞ്ചൈസികളും ഇന്ത്യന്‍ പരിശീലകരേയും മെന്റേഴ്‌സിനേയും കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു. 

ചെറുപ്പത്തില്‍ രാജസ്ഥാനിലെ ഹനുമന്‍ഗഡിലാണ് ദീപക് ചഹര്‍ പരിശീലനം നടത്തിയിരുന്നത്. അവിടെ വെച്ചാണ് ചഹറിനെ ചാപ്പല്‍ കാണുന്നത്. ക്രിക്കറ്റ് ഉപേക്ഷിക്കാനാണ് ചാപ്പല്‍ ദീപക് ചഹറിനോട് പറഞ്ഞത്. ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ട് ചെയ്യില്ല എന്നതിനൊപ്പം ഒരിക്കലും നീ ക്രിക്കറ്റ് താരമാവാന്‍ പോവുന്നില്ലെന്നും ചാപ്പല്‍ ദീപക് ചഹറിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com