ഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ; റിച്ചാർലിസൺ ഹാട്രിക്കിൽ ജർമനിയെ വീഴ്ത്തി ബ്രസീൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2021 07:36 PM  |  

Last Updated: 22nd July 2021 07:36 PM  |   A+A-   |  

brazil

ഫോട്ടോ: ട്വിറ്റർ

 

ടോക്യോ: ഒളിമ്പിക്സ് ഫുട്‌ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ അർജന്റീനയെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ തോൽവി. മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ ജർമനിയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് കീഴടക്കി ബ്രസീൽ വിജയം കുറിച്ചു.  

ആദ്യ പകുതിയിൽ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്‌കോ ഒർട്ടേഗ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് അർജന്റീന മത്സരം പൂർത്തിയാക്കിയത്. ഈ ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടെ ആദ്യ പകുതിയുടെ അവസാനം രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങി ഒർട്ടേഗ പുറത്തായി. 14ാം മിനിറ്റിൽ വെയ്ൽസിലൂടെ ഓസ്‌ട്രേലിയ ലീഡെടുത്തു. 

ഇതോടെ ഓസ്‌ട്രേലിയ മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. 80ാം മിനിറ്റിൽ മാർകോ ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി. ഗ്രൗണ്ടിലിറങ്ങി 30 സെക്കന്റിനുള്ളിലാണ് ടിലിയോ ഗോൾ കണ്ടെത്തിയത്.

ത്രില്ലർ പോരിലാണ് ബ്രസീൽ വിജയം പിടിച്ചത്. ബ്രസീലിനായി റിച്ചാർലിസൺ ഹാട്രിക്ക് ​ഗോളുകൾ നേടി. കളിയുടെ ആദ്യ 30 മിനിറ്റിൽ തന്നെ റിച്ചാർലിസൺ ഹാട്രിക്ക് നേടി കളിയിൽ ബ്രസീലിന് ആധിപത്യം സമ്മാനിച്ചു. 

എന്നാൽ രണ്ടാം പകുതിയിൽ ജർമനി തിരിച്ചടിച്ചു. രണ്ട് ​ഗോളുകൾ നേടി അവർ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ പൗലീഞ്ഞോ നാലാം ​ഗോളും വലയിലാക്കിയതോടെ ബ്രസീൽ സുരക്ഷിത വിജയം ഉറപ്പാക്കി.