ശ്രീലങ്കയ്‌ക്ക് ആശ്വാസ ജയം; മൂന്നാം ഏകദിനത്തിൽ തോൽവി അറിഞ്ഞ് ഇന്ത്യ 

48 പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ ശ്രീലങ്ക ജയം കൈക്കലാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ:  ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 226 റൺസെന്ന വിജയലക്ഷം പിന്തുടർന്ന ശ്രീലങ്ക 48 പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ ജയം കൈക്കലാക്കി. 76 റൺസുമായി അവിശ്ക ഫെർണാണ്ടോയും 65 റൺസോടെ ഭാനുക രാജപക്‌സയുമാണ് ലങ്കയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. 

98 പന്തിൽ നാല് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് അവിശ്ക 76 റൺസ് നേടിയത്. 12 ഫോറുകൾ വീശിയടിച്ച്  56 പന്തിൽ നിന്നായിരുന്നു ഭാനുകയുടെ 65 റൺസ്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യക്കായി രാഹുൽ ചാഹർ മൂന്നും ചേതൻ സക്കറിയ രണ്ടും വിക്കറ്റ് നേടി. 

മഴ കളി മുടക്കിയതിനെ തുടർന്ന് മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. ഇതേതുടർന്ന് 43.1 ഓവറിലാണ് ഇന്ത്യ 225 റൺസ് കണ്ടെത്തിയത്.  പൃഥ്വി ഷാ (49), മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ (46), 40 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. പരിക്കിനെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾ നഷ്ടമായ സഞ്ജു ഇഷാൻ കിഷന് പകരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി മൂന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിലെത്തിയത്. അരങ്ങേറ്റ ഏകദിനത്തിൽ അർധ ശതകത്തിന് തൊട്ടരികിൽ വീഴാനായിരുന്നു സഞ്ജുവിന് യോഗം. 46 പന്തിൽ നിന്ന് 5 ഫോറിന്റേയും ഒരു സിക്സിന്റേയും അകമ്പടിയോടെയാണ് സഞ്ജു 46 റൺസ് എടുത്ത് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com