എട്ട് ഒളിംപിക്സുകളുടെ മഹത്തായ ചരിത്രം; തോൽക്കാൻ മനസില്ലാത്ത മനുഷ്യരുടെ പ്രതീകം; ആ അമ്മയ്ക്ക് വേണ്ടി ലോകം എഴുന്നേറ്റ് നിന്ന് കൈയടിച്ചു

എട്ട് ഒളിംപിക്സുകളുടെ മഹത്തായ ചരിത്രം; തോൽക്കാൻ മനസില്ലാത്ത മനുഷ്യരുടെ പ്രതീകം; ആ അമ്മയ്ക്ക് വേണ്ടി ലോകം എഴുന്നേറ്റ് നിന്ന് കൈയടിച്ചു
ഒക്‌സാന ചുസോവിറ്റിന/ ട്വിറ്റർ
ഒക്‌സാന ചുസോവിറ്റിന/ ട്വിറ്റർ

46കാരിയായ ഒക്‌സാന ചുസോവിറ്റിന തന്റെ എട്ടാം ഒളിംപിക്സിലെ മത്സരവും പൂർത്തിയാക്കി ജിംനാസ്റ്റിക്സ് വേദിയിൽ നിന്ന് ഇറങ്ങി. അവർക്ക് ഇനി വിശ്രമിക്കാം. കഴിഞ്ഞ 30 വർഷമായി ആ അമ്മ ജീവൻ പണയം വച്ച് പോരാടുകയായിരുന്നു. അവർ ഫ്ലോറിൽ നിന്ന് കൈകൾ വീശിയപ്പോൾ ലോകം മുഴുവൻ ആ അമ്മയ്ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയടിച്ചു. അവരുടെ പോരാട്ടത്തിന് ആദരം അർപ്പിച്ചു. 

ഒക്സാനയുടെ മത്സരം പൂർത്തിയായപ്പോൾ ജിംനാസ്റ്റിക്‌സ് ഫെഡറേഷൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. 'ഈറനണിയാത്ത ഒരൊറ്റ കണ്ണും അവിടെ ഇല്ല'. വിടവാങ്ങൽ പ്രഖ്യാപിച്ച ഒക്‌സാനയ്ക്കും കണ്ണീരടക്കാൻ കഴിഞ്ഞില്ല. ടീമംഗങ്ങളുടെ ആലിംഗനത്തിലമർന്ന് അവർ വിതുമ്പി. പ്രായം ചുളിവു വീഴ്ത്തിയ മുഖത്ത് കണ്ണീർ ചാലിട്ടൊഴുകി. ലോകം മുഴുവൻ അപ്പോൾ അവർക്കൊപ്പം കണ്ണീരണിയുകയായിരുന്നു. 

എട്ട് ഒളിംപിക്സുകളുടെ സംഭവ ബഹുലമായ ഒരു യാത്രയ്ക്കാണ് ഉസ്ബെകിസ്ഥാൻ താരമായ ഒക്സാന വിരാമമിടുന്നത്. അസാമാന്യമായ ഒരു പോരാട്ടത്തിന്റെ മുപ്പതാണ്ടുകളാണ് അവർ സഞ്ചരിച്ച് തീർത്തത്. രണ്ട് ഒളിംപിക്സ് മെഡലുകൾ, പതിനൊന്ന് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ, രണ്ട് ലോകകപ്പ് മെഡലുകൾ, എട്ട് ഏഷ്യൻ ഗെയിംസ് മെഡലുകൾ, നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകൾ, നാല് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകൾ. മൂന്ന് രാജ്യങ്ങൾക്കായി മത്സരിച്ച് ഇതിഹാസമായി വളർന്ന അവർക്ക് നേട്ടങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.

അവസാന പോരാട്ടത്തിൽ അവർ വീണിരിക്കാം. എന്നാൽ ഇക്കഴിഞ്ഞ മുപ്പത് കൊല്ലക്കാലം ഒപ്പം മത്സരിച്ചവരുടെ ലക്ഷ്യമത്രയും മെഡലുകളായിരുന്നെങ്കിൽ, ഒക്‌സാനയുടെ മനസിൽ മകൻ മാത്രമായിരുന്നു. മുന്നോട്ടുവച്ച ഓരോ ചുവടിലും, ചുവടുറപ്പിച്ച ഓരോ കുതിപ്പിലും ജീവൻ പണയം വച്ചുള്ള ഓരോ പറക്കലിലും അവന്റെ ജീവൻ കാക്കാനുള്ള പോരാട്ടം മാത്രമായിരുന്നു.

മെഡലുകളായിരുന്നില്ല, അതിൽ നിന്നു കിട്ടുന്ന സമ്മാനത്തുകയിൽ മാത്രമായിരുന്നു ഒക്‌സാനയുടെ കണ്ണ്. ആ പണം കൊണ്ട് മാത്രമാണ് മൂന്നാം വയസിൽ രക്താർബുദം ബാധിച്ച മകൻ അലിഷറിനെ അവർ ചികിത്സിച്ചുകൊണ്ടിരുന്നത്. ടോക്യോയിൽ വിരമിക്കൽ പ്രഖ്യാപിച്ച് അമ്മ മടങ്ങുമ്പോഴേയ്ക്കും അമ്മയുടെ സുവർണ പ്രകടനം ഒന്ന് കൊണ്ട് മാത്രം അർബുദത്തെ പടിപടിയായി തോൽപിച്ചു കഴിഞ്ഞു ഇന്ന് 22കാരനായ അലിഷർ.

പതിമൂന്നാം വയസിൽ പഴയ സോവിയറ്റ് റഷ്യയുടെ ജൂനിയർ ചാമ്പ്യൻപട്ടം നേടി തുടങ്ങിയ ഒക്സാനയ്ക്ക് പറയാൻ വലിയൊരു തിരിച്ചുവരവിന്റെ കഥയുണ്ട്. മകനായിരുന്നു അതിന് കാരണം.

1992ലെ ബാഴ്‌സലോണയായിരുന്നു ആദ്യ ഗെയിംസ്. അന്ന് ടീമിനത്തിൽ സ്വർണം നേടിയാണ് കരുത്തരായ സോവിയറ്റ് യൂണിയനൊപ്പമുള്ള മടക്കം. പിന്നീട് ഉസ്ബക്കിസ്ഥാൻ താരമായി രണ്ട് ഒളിമ്പിക്‌സിൽ കൂടി മത്സരിച്ച ഒക്സാന 2000 സിഡ്‌നി ഗെയിംസോടെ വിരമിക്കാൻ ഒരുങ്ങിയതായിരുന്നു. 

അമ്മയായ ശേഷം ജിംനാസ്റ്റിക്‌സിൽ തിരിച്ചെത്തി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ആ കാലത്താണ് ഒക്സാന ഞെട്ടുന്ന ആ സത്യം തിരിച്ചറിഞ്ഞത്. മൂന്ന് വയസുകാരൻ മകൻ അലിഷറിനെ രക്താർബുദം ആക്രമിച്ചു തുടങ്ങിയിരിക്കുന്നു. വലിയ ചെലവേറിയതായിരുന്നു മകന്റെ ചികിത്സ. 

വിരമിക്കാൻ ഒരുങ്ങുന്ന തനിക്കോ വിരമിച്ചു കഴിഞ്ഞ ഒളിമ്പ്യൻ തന്നെയായ ഭർത്താവ് ബയോഡിർ കുർബനോവിനോ പണം കണ്ടെത്താൻ മറ്റ് മാർഗങ്ങളില്ല. ഒക്സാന രണ്ടാമതൊന്നും ആലോചിച്ചില്ല. കുപ്പായമണിഞ്ഞ് വീണ്ടും ജിംനാസ്റ്റിക് ഫ്‌ളോറിലിറങ്ങി. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പുകളിലും ലോകകപ്പുകളിലും ഓടിനടന്ന് പങ്കെടുത്തു. മെഡലുകളേക്കാൾ പ്രൈസ്മണിയായിരുന്നു പ്രധാന ആകർഷണം. ജർമനിയിലായിരുന്നു മകന്റെ ചികിത്സ. അങ്ങനെ ഒക്സാന ജർമനിയിലേയ്ക്ക് മാറി. 

അങ്ങനെയാണ് ബെയ്ജിങ് ഒളിമ്പിക്‌സിൽ ജർമനിക്കു വേണ്ടി മാറ്റുരയ്ക്കാനായത്. ആതിഥ്യമരുളിയവരെ ഒക്സാന നിരാശപ്പെടുത്തിയില്ല. ബെയ്ജിങ്ങിൽ ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ സ്വന്തമാക്കി. വൈകാതെ അർബുദം മകന് മുന്നിൽ മുട്ടുമടക്കുന്നുവെന്ന ശുഭവാർത്തയും വന്നു. പിന്നീട് ലണ്ടൻ ഒളിംപിക്‌സിലും ജർമനിക്കു വേണ്ടി തന്നെ ഒക്സാന മത്സരിച്ചു.

മകന് രോഗം ഭേദമായതോടെയാണ് ഒക്സാന വീണ്ടും ജന്മനാടായ ഉസ്ബക്കിസ്ഥാനിലേയ്ക്ക് മടങ്ങി. റിയോ ഒളിംപിക്സിൽ ജന്മനാടിനു വേണ്ടിയാണ് ഒക്സാന മാറ്റുരച്ചത്. അന്ന് റിയോയിൽ ഒക്സാനയെ തോൽപിച്ച് സ്വർണമണിയുമ്പോൾ അമേരിക്കയുടെ സൂപ്പർ സ്റ്റാർ സിമോൺ ബൈൽസ് മകൻ അലിഷറേക്കാൾ ഇളയതായിരുന്നു.

ഏറ്റവും കൂടുതൽ ഒളിമ്പിക്‌സിൽ മാറ്റുരച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ റിയോയ്ക്ക് ശേഷം ഒക്സാന ഫ്‌ളോറിനോട് വിട പറയുമെന്ന് പലരും കരുതി. റിയോയിലെ മെഡൽദാന ചടങ്ങിൽ അതുകൊണ്ട് തന്നെ മെഡൽ നേടാനാവാത്ത ഒക്സാനയ്ക്ക് വലിയ ആദരമാണ് നൽകിയത്.

ഒക്സാനയ്ക്ക് പക്ഷേ തെല്ലും സന്ദേഹം ഇല്ലായിരുന്നു. ടോക്യോയിലും ഞാനുണ്ടാവുമെന്ന് അവർ അർഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു. അതിനു വേണ്ടി 2019ലെ ലോക ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. കഠിനമായിരുന്നു പോരാട്ടം. പലപ്പോഴും പിഴച്ചു. എങ്കിലും ഓവറോൾ പോയിന്റിന്റെ ബലത്തിൽ കഷ്ടിച്ച് ഒളിമ്പിക്‌സ് യോഗ്യത നേടി. ടോക്യോയിൽ വലിയ അത്ഭുതങ്ങൾ പുറത്തെടുക്കാൻ ഒക്സാനയ്ക്ക് കഴിഞ്ഞില്ല. വോൾട്ടിൽ 14.166 പോയിന്റ് മാത്രമായിരുന്നു സമ്പാദ്യം. ഫൈനലിന് യോഗ്യത നേടാൻ ഇത് മതിയാകുമായിരുന്നില്ല.

ഫൈനൽ യോ​ഗ്യതയും മെഡലുമൊന്നും ഇല്ലെങ്കിലും ഒക്സാന ഒരു പ്രതീകമാണ്. പോരാട്ട വീര്യത്തിന്റെ, തോൽക്കാൻ മനസില്ലാത്ത മനുഷ്യരുടെ, അവരുടെ ഇച്ഛാശക്തിയുടെ... ആ അമ്മയ്ക്ക് ബി​ഗ് സല്യൂട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com