13ാം വയസിൽ ഒളിംപിക്സ് സ്വർണം! സ്വന്തം മണ്ണില്‍ ചരിത്രമെഴുതി മൊമിജി നിഷിയ; അപൂര്‍വ നേട്ടം

3ാം വയസിൽ ഒളിംപിക്സ് സ്വർണം! സ്വന്തം മണ്ണില്‍ ചരിത്രമെഴുതി മൊമിജി നിഷിയ; അപൂര്‍വ നേട്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: മൊമിജി നിഷിയ എന്ന 13 വയസുകാരിയുടെ നിയോഗം ഇതായിരിക്കാം. സ്വന്തം മണ്ണിലേക്ക് വീണ്ടും എത്തിയ ഒളിംപിക്‌സ് പോരാട്ടത്തില്‍ ചരിത്രമെഴുതാനുള്ള നിയോഗമാണ് ആ പെണ്‍കുട്ടിയെ കാത്തിരുന്നത്. ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത ഒരു അപൂര്‍വ നേട്ടവുമായി 13ാം വയസില്‍ അവള്‍ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നു. 

ഒളിംപിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ സ്‌കേറ്റ്‌ബോര്‍ഡിങില്‍ സ്വര്‍ണം സ്വന്തമാക്കിയാണ് ജപ്പാന്‍ താരമായ മൊമിജി നിഷിയ പുതിയ ചരിത്രം എഴുതിയത്. സ്‌കേറ്റ്‌ബോര്‍ഡിങില്‍ ഒളിംപിക് സ്വര്‍ണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന ഒരിക്കലും തകരാത്ത റെക്കോര്‍ഡാണ് അവള്‍ സ്വന്തം മണ്ണില്‍ സ്ഥാപിച്ചത്. സ്കേറ്റ്ബോർഡിങ് സ്ട്രീറ്റ് വനിതാ വിഭാ​ഗത്തിലാണ് 13കാരിയുടെ നേട്ടം.

തീര്‍ന്നില്ല, ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പെരുമയും ഈ പെണ്‍കുട്ടി സ്വന്തം പേരിലാക്കി. സ്വര്‍ണത്തില്‍ മുത്തമിടുമ്പോള്‍ നിഷിയയുടെ പ്രായം 13 വയസും 330 ദിവസവുമാണ്. 

ഈയിനത്തില്‍ വെള്ളി നേടിയതും ഒരു 13കാരി തന്നെ. ബ്രസീലിന്റെ റെയ്സ്സ ലീലിനാണ് വെള്ളി മെഡല്‍. ജപ്പാന്റെ തന്നെ ഫുന നകയാമയ്ക്കാണ് വെങ്കലം. ബ്രസീല്‍ താരം സ്വര്‍ണം നേടിയിരുന്നെങ്കിലും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാമായിരുന്നു. കാരണം നിഷിയയേക്കാള്‍ നാല് മാസത്തിന്റെ ചെറുപ്പമാണ് റെയ്സ്സ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com