പ്രതിവാരം 2 കോടി പ്രതിഫലം, ഇനി കരാര്‍ ഒപ്പിടല്‍; ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തി മെസി 

പ്രതിഫലത്തില്‍ 50 ശതമാനം വെട്ടിക്കുറക്കല്‍ അംഗീകരിച്ചാണ് മെസി ബാഴ്‌സയുമായി കരാര്‍ ഒപ്പിടുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബാഴ്‌സലോണ: കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയതിന് ശേഷം ബാഴ്‌സ സൂപ്പര്‍ താരം മെസി ബാഴ്‌സലോണയിലേക്ക് തിരികെ എത്തി. കോപ്പ അമേരിക്കയ്ക്ക് ശേഷം ഓഫ് സീസണ്‍ സമയം കുടുംബത്തിനൊപ്പം ആസ്വദിച്ചാണ് മെസി ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയത്.

അടുത്ത ആഴ്ച ബാഴ്‌സയുമായുള്ള പുതിയ കരാറില്‍ മെസി ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഫലത്തില്‍ 50 ശതമാനം വെട്ടിക്കുറക്കല്‍ അംഗീകരിച്ചാണ് മെസി ബാഴ്‌സയുമായി കരാര്‍ ഒപ്പിടുന്നത്. പ്രതിവാരം രണ്ട് കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. 

കുടുംബത്തോടൊപ്പം മെസി ബാഴ്‌സലോണയിലേക്ക് തിരികെ എത്തിയതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ മെസിയുടെ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. നിലവില്‍ ഫ്രീ ഏജന്റാണ് മെസി. ഫ്രീ ഏജന്റായതോടെ മെസിയെ റിലീസ് തുക നല്‍കാതെ സ്വന്തമാക്കാന്‍ മറ്റ് ക്ലബുകള്‍ക്ക് അവസരം തുറന്നിരുന്നു. 

എന്നാല്‍ മെസി-ബാഴ്‌സ കരാര്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു. അഞ്ച് വര്‍ഷത്തെ കരാറാണ് ബാഴ്‌സയുമായി മെസി ഒപ്പിടുന്നത്. വലിയ സാമ്പത്തിക സങ്കീര്‍ണതകളാണ് നിലവില്‍ ബാഴ്‌സ നേരിടുന്നത്. 

ഓഗസ്റ്റ് 9ന് പ്രീസീസണ്‍ മത്സരങ്ങളുടെ ഭാഗമായി ബാഴ്‌സ യുവന്റ്‌സിനെ നേരിടുന്നുണ്ട്. ഇതില്‍ കളിക്കണം എങ്കില്‍ മെസിക്ക് ബാഴ്‌സയുമായി കരാര്‍ ഒപ്പിടണം. ഇവിടെ മെസി-ക്രിസ്റ്റ്യാനോ പോര് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com