ചഹലിനും ഗൗതമിനും കോവിഡ്;കൊളംബോയില്‍ ഐസൊലേഷനില്‍, ഇന്ത്യന്‍ ടീമിനൊപ്പം മടങ്ങില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2021 01:07 PM  |  

Last Updated: 30th July 2021 01:09 PM  |   A+A-   |  

chahal

ഫോട്ടോ: ട്വിറ്റർ

 

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചഹലിനും കൃഷ്ണപ്പ ഗൗതമിനുമാണ് കോവിഡ് പോസിറ്റീവായത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്രുനാലുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് എട്ട് കളിക്കാര്‍ ക്വാറന്റൈനിലായിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 

എന്നാല്‍ ചഹലിനും ഗൗതമിനും കോവിഡ് പോസിറ്റീവായതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് പോസിറ്റീവായതോടെ ക്രുനാല്‍, ചഹല്‍, ഗൗതം എന്നിവര്‍ക്ക് മറ്റ് കളിക്കാര്‍ക്കൊപ്പം ഇന്ത്യയിലേക്ക് തിരിക്കാനാവില്ല. മൂവരും കൊളംബോയില്‍ ഐസൊലേഷനില്‍ തുടരും. 

പൃഥ്വി ഷാ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡേ, ദീപക് ചഹര്‍, ഇഷന്‍ കിഷന്‍ എന്നിവരാണ് ക്രുനാലിന്റെ സമ്പര്‍ക്ക പട്ടികയില്‍ വന്നതിനെ തുടര്‍ന്ന് ക്വാറന്റൈനിലിരുന്നത്. ഇവര്‍ക്ക് വെള്ളിയാഴ്ച ഇന്ത്യയിലേക്ക് തിരിക്കാനായേക്കും എന്നാണ് സൂചന.