ഉജ്ജ്വലം പിവി  സിന്ധു; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകി സെമിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2021 03:00 PM  |  

Last Updated: 30th July 2021 03:00 PM  |   A+A-   |  

pv_sindhu

ഫോട്ടോ: ട്വിറ്റർ

 

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്ന് ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പിവി സിന്ധു. റിയോ ഒളിംപിക്‌സില്‍ നേടിയ വെള്ളി മെഡല്‍ ടോക്യോയില്‍ സ്വര്‍ണമാക്കി മാറ്റാന്‍ മത്സരിക്കുന്ന സിന്ധു ഉജ്ജ്വല വിജയത്തോടെ സെമി ഫൈനലിലേക്ക് മുന്നേറി. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് സെമി ബെര്‍ത്താണ് ടോക്യോയിലേത്.  

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്‍ താരം അകനെ യാമഗുചിയെ കീഴടക്കിയാണ് സിന്ധു അവസാന നാലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 21-13, 22-20.

കളിയുടെ തുടക്കത്തില്‍ യാമഗുചിയാണ് മുന്നിലുണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ 5-6 എന്ന നിലയിലായിരുന്നു സിന്ധു. പിന്നീട് ശക്തമായി തിരിച്ചടിച്ച സിന്ധു ആദ്യ ഗെയിമില്‍ പിന്നീട് തിരിഞ്ഞു നോക്കാതെ മുന്നേറി. 11-7, 15-11 എന്നീ നിലകളില്‍ ലീഡുമായി കുതിച്ച ഇന്ത്യന്‍ താരം ഒടുവില്‍ ഗെയിം 21-13ന് അനായാസം കൈപ്പിടിയിലാക്കി. 

രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടമാണ് കണ്ടത്. 6-4 എന്ന നിലയിലാണ് രണ്ടാം ഗെയിമില്‍ സിന്ധു മുന്നേറിയത്. ലീഡ് 11-6ലേക്ക് ഉയര്‍ത്താനും സിന്ധുവിന് സാധിച്ചു. 15-11 എന്ന നിലയില്‍ ലീഡുമായി കുതിച്ച സിന്ധുവിനെ ഇടയ്‌ക്കൊന്നു പരീക്ഷിക്കാന്‍ യമാഗുചിക്ക് സാധിച്ചു. എന്നാല്‍ മികച്ച സ്മാഷുകളുമായി സിന്ധു രണ്ടാം ഗെയിമില്‍ കളം വാണതോടെ ജപ്പാന്‍ താരം നിശബ്ദയായി. രണ്ടാം ഗെയിം സിന്ധു 22-20 എന്ന സ്‌കോറിന് സെറ്റും സെമി ബെര്‍ത്തും ഉറപ്പാക്കി.