വെങ്കല മെഡലും ഇല്ല; റാക്കറ്റ് വലിച്ചെറിഞ്ഞും അടിച്ചുപൊട്ടിച്ചും ജോക്കോവിച്; ഒടുവിൽ മത്സരത്തിൽ നിന്ന് പിൻമാറലും (വീഡിയോ)

വെങ്കല മെഡലും ഇല്ല; റാക്കറ്റ് വലിച്ചെറിഞ്ഞും അടിച്ചുപൊട്ടിച്ചും ജോക്കോവിച്; ഒടുവിൽ മത്സരത്തിൽ നിന്ന് പിൻമാറലും (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ​ഗോൾഡൻ സ്ലാം ലക്ഷ്യമിട്ട് ടോക്യോയിൽ എത്തി നിരാശനായി മടങ്ങേണ്ടി വന്ന ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച് മിക്സഡ് ഡബിൾസിലെ വെങ്കല മെഡൽ പോരാട്ടത്തിൽ നിന്ന് പിൻമാറി. സിംഗിൾസിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയോട് തോൽവി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരം പിൻമാറ്റം പ്രഖ്യാപിച്ചത്. ഇതോടെ സെർബിയയ്ക്ക് വെങ്കല മെഡൽ നഷ്ടമായി. 

സീസണിൽ ഓസ്ട്രേലിയൻ, ഫ്രഞ്ച്, വിംബിൾഡൺ ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി ടോക്യോയിൽ എത്തിയ ജോക്കോ ഇവിടെ സ്വർണം നേടി യുഎസ് ഓപ്പൺ കിരീടവും സ്വന്തമാക്കി സ്‌റ്റെഫി ഗ്രാഫിനു ശേഷം ​ഗോൾഡൻ സ്ലാം തികയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ സെമിയിൽ അലക്സാണ്ടർ സ്വരേവിനോട് തോറ്റ് ആ സ്വപ്നത്തിന് വിരാമം ഇടേണ്ടി വന്നു. പിന്നാലെ വെങ്കല പോരാട്ടത്തിൽ ബുസ്റ്റ അട്ടിമറിച്ചതോടെ താരത്തിന് നിരാശ അടക്കാൻ സാധിച്ചില്ല. 

ബുസ്റ്റയ്ക്കെതിരായ മത്സരത്തിൽ താരം റാക്കറ്റ് വലിച്ചെറിഞ്ഞും അടിച്ചു പൊട്ടിച്ചും ദേഷ്യം തീർത്തത് കായിക ലോകം കണ്ടിരുന്നു. ഈ തോൽവിയുടെ നിരാശയ്ക്ക് പിന്നാലെയാണ് മിക്സഡ് ഡബിൾസിനെ പിൻമാറ്റം. 

20 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ തകർപ്പൻ ഫോമിൽ കളിച്ചുവരുന്ന ജോക്കോവിച്ച് തന്നെയാണ് ഇത്തവണ ഒളിമ്പിക്‌സിൽ കിരീടം നേടുകയെന്ന് ടെന്നീസ് ലോകം വിധിയെഴുതിയിരുന്നു. ഇതിഹാസ താരങ്ങളായ റാഫേൽ നദാലും റോജർ ഫെഡററും പിന്മാറിയതോടെ ജോക്കോവിചിന്റെ കിരീടത്തിലേക്കുള്ള വഴി കൂടുതൽ എളുപ്പമായി. എന്നാൽ വിധി മറ്റൊന്നാണ് താരത്തിന് കാത്തുവെച്ചത്. 

മിക്സഡ് ഡബിൾസിൽ സ്റ്റോയാനോവിചായിരുന്നു ജോക്കോവിച്ചിന്റെ സഹതാരം. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി- പീയേഴ്‌സ് ജോൺ സഖ്യത്തെയായിരുന്നു വെങ്കല മെഡൽ മത്സരത്തിനായി സെർബിയൻ സഖ്യം നേരിടേണ്ടിയിരുന്നത്. ജോക്കോവിച് പിന്മാറിയതോടെ ആഷ്‌ലി ബാർട്ടി-പീയേഴ്‌സ് ജോൺ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com