ഹാട്രിക്കോടെ നിറഞ്ഞ് വന്ദന, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത; സൗത്ത് ആഫ്രിക്കയെ തകര്‍ത്തത് 4-3ന് 

ഹോക്കി ഒളിംപിക്‌സില്‍ ഇന്ത്യക്കായി ഹാട്രിക് നേടുന്ന ആദ്യ വനിതാ താരമായി ഇതോടെ വന്ദന
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: സൗത്ത് ആഫ്രിക്കയെ 4-3ന് തകര്‍ത്ത് ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ സാധ്യത ഉയര്‍ത്തി ഇന്ത്യന്‍ വനിതാ ടീം. വന്ദന കതാറിയയുടെ ഹാട്രിക് മികവിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. 

ഹോക്കി ഒളിംപിക്‌സില്‍ ഇന്ത്യക്കായി ഹാട്രിക് നേടുന്ന ആദ്യ വനിതാ താരമായി ഇതോടെ വന്ദന. അയര്‍ലാന്‍ഡിന് എതിരെ ബ്രിട്ടന്‍ ജയിച്ചാന്‍ ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ കടക്കാം. ഈ മത്സരം സമനിലയില്‍ പിരിഞ്ഞാലും ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അയര്‍ലാന്‍ഡ് ജയിച്ചാല്‍ ഇന്ത്യ പുറത്താവും. 

തുടരെ മൂന്ന് തോല്‍വികള്‍ വഴങ്ങിയതിന് ശേഷം വെള്ളിയാഴ്ച അയര്‍ലാന്‍ഡിന് എതിരെ ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടര്‍ പ്രതീക്ഷ ഉയര്‍ത്തിയത്. ജയം അനിവാര്യമായിരുന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായി. 

ആദ്യ ക്വാര്‍ട്ടറിലെ അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ വല കുലുക്കി ലീഡ് എടുത്തിരുന്നു. പിന്നാലെ ആക്രമണത്തിലും ആധിപത്യത്തിലും ഇന്ത്യ മുന്‍തൂക്കം നേടി. എന്നാല്‍ ആദ്യ ക്വാര്‍ട്ടറിന്റെ അവസാന സെക്കന്റുകളില്‍ സൗത്ത് ആഫ്രിക്ക സമനില പിടിച്ചു. 

രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഇന്ത്യ ഗോള്‍ കണ്ടെത്തിയത്. വന്ദനയുടേതായിരുന്നു ഗോള്‍. ഒന്നാം ക്വാര്‍ട്ടറിലേത് പോലെ രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ സൗത്ത് ആഫ്രിക്ക സമനില പിടിച്ചു. 

മൂന്നാം ക്വാര്‍ട്ടറില്‍ മോനികയുടെ ഷോട്ടില്‍ നെഹയുടെ സിംഗിള്‍ ടച്ചിലൂടെ ഇന്ത്യക്ക് ഗോള്‍. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോഴും ഇന്ത്യയോടെ സമനില പിടിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്കായി. എന്നാല്‍ നാലാം ഗോള്‍ നേടിയതിന് ശേഷം സൗത്ത് ആഫ്രിക്കയെ ഗോള്‍ നേടാന്‍ അനുവദിക്കാത്ത വിധം മികച്ച പ്രതിരോധമാണ് ഇന്ത്യ പുറത്തെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com