‘എവിടെ കളിച്ചാലും ഇന്ത്യൻ ടീം ജയിക്കും; കോഹ്‌ലിയും സംഘവും ഇമ്രാൻ ഖാന്റെ പാക് ടീമിനെ ഓർമിപ്പിക്കുന്നു‘- റമീസ് രാജ

‘എവിടെ കളിച്ചാലും ഇന്ത്യൻ ടീം ജയിക്കും; കോഹ്‌ലിയും സംഘവും ഇമ്രാൻ ഖാന്റെ പാക് ടീമിനെ ഓർമിപ്പിക്കുന്നു‘- റമീസ് രാജ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍

ഇസ്‍ലാമബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ പുകഴ്ത്തി മുൻ പാകിസ്ഥാൻ താരവും കമന്റേറ്ററുമായ റമീസ് രാജ. ഇമ്രാൻ ഖാന് കീഴിൽ കളിച്ച പാകിസ്ഥാൻ ടീമിനെയാണ് ഇപ്പോഴത്തെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനം ഓർമപ്പെടുത്തുന്നതെന്ന് റമീസ് രജ നിരീക്ഷിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പുറത്തെടുക്കുന്ന ആക്രമണോത്സുകത എടുത്തു പറഞ്ഞായിരുന്നു റമീസ് രാജയുടെ പുകഴ്ത്തൽ. 

‘ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റവും മികച്ച ടീമായി മാറിക്കഴിഞ്ഞു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ആക്രമണോത്സുകതയിൽ ഊന്നിയതാണ്. ആക്രമണോത്സുകമായ ശൈലിയുടെ പ്രധാന ഗുണം, മോശം ചിന്തകളെ പടിക്കു പുറത്തുനിർത്തി ഒഴിഞ്ഞ മനസോടെ കളിക്കാമെന്നതാണ്’.

‘ഇമ്രാൻ ഖാനു കീഴിൽ ഞങ്ങൾ പിന്തുടർന്ന അതേ ശൈലിയാണ് ഇപ്പോൾ ഇന്ത്യയും പിന്തുടരുന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്. മുൻപ് ഇന്ത്യയെ വലച്ചിരുന്ന ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതെല്ലാം അവർ പരിഹരിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി അവർ മാറിയത്. ഇപ്പോൾ എവിടെ കളിച്ചാലും ജയിക്കാൻ ഇന്ത്യൻ ടീമിനു കഴിയും. വിദേശത്ത് മത്സരങ്ങൾ ജയിക്കാനായെങ്കിൽ മാത്രമേ ഒരു ടീമിന്റെ ആധിപത്യം പൂർണമാകൂ. ബി ടീമിനെ വച്ച് ഓസ്ട്രേലിയയിൽ ഇന്ത്യ പരമ്പര ജയിച്ച രീതിയിൽ എല്ലാമുണ്ട്’ – റമീസ് രാജ ചൂണ്ടിക്കാട്ടുന്നു. 

ലോക ടെസ്റ്റ് ചാംമ്പ്യൻഷിപ്പിൽ ന്യൂസീലൻഡ് ടീമിനെ അപേക്ഷിച്ച് ഇന്ത്യൻ ടീമിനാണ് കൂടുതൽ സാധ്യതയെന്ന് റമീസ് രാജ പറഞ്ഞു. കിവീസിനേക്കാൾ പ്രതിഭകൾ ഇന്ത്യൻ സംഘത്തിലാണെന്നും റമീസ് പറയുന്നു. 

‘സാഹചര്യങ്ങളുമായി എത്രവേഗം പൊരുത്തപ്പെടുന്നോ അത്രമാത്രം മികച്ചതായിരിക്കും ഇന്ത്യൻ ടീമിന്റെ പ്രകടനം. ന്യൂസിലൻഡ് നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തിയതിനാൽ അവർക്ക് അതിന്റേതായ മുൻതൂക്കമുണ്ടാകും. പക്ഷേ, ആകെക്കൂടി നോക്കിയാൽ പ്രതിഭയുടെ കാര്യത്തിൽ ന്യൂസിലൻഡിനേക്കാൾ മികവ് ഇന്ത്യയ്ക്കു തന്നെ. ന്യൂസിലൻഡിന് ഒരേയൊരു ഗെയിം പ്ലാനേയുള്ളൂ. അത് പരാജയപ്പെട്ടാൽ അവർ തോൽക്കും. ഇന്ത്യയ്ക്ക് ഗെയിം പ്ലാൻ മാത്രമല്ല. അതിനെ പിന്താങ്ങുന്ന പ്രതിഭാധനരായ കുറേ താരങ്ങളുമുണ്ട്. ഇന്ത്യയുടെ ഗെയിം പ്ലാൻ അഥവാ പരാജയപ്പെട്ടാലും, ഈ താരങ്ങളുടെ മികവിൽ വിജയത്തിലെത്താൻ സാധ്യതയുണ്ട്’ – റമീസ് രാജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com