ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് സമ്മാനിച്ച ടുഷലിന്റെ 'ഭാഗ്യ ഷൂ'- ഡ്രസിങ് റൂമില്‍ നടന്ന ആഘോഷത്തിന് പിന്നിലെ കഥ (വീഡിയോ)

ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് സമ്മാനിച്ച ടുഷലിന്റെ 'ഭാഗ്യ ഷൂ'- കിരീട നേട്ടത്തിന് പിന്നാലെ ഡ്രസിങ് റൂമില്‍ നടന്ന ആഘോഷത്തിന് പിന്നിലെ കഥ 
തോമസ് ടുഷൽ/ ട്വിറ്റർ
തോമസ് ടുഷൽ/ ട്വിറ്റർ

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ചെല്‍സി യൂറോപ്പിലെ രാജാക്കന്‍മാര്‍ക്കുള്ള ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി യൂറോപ്പും കീഴടക്കാനെത്തിയ സിറ്റിയെ പക്ഷേ, കയ് ഹവെര്‍ട്‌സ് നേടിയ ഒറ്റ ഗോളില്‍ ചെല്‍സി മുക്കിക്കളഞ്ഞു.

മധ്യനിരയിലൂടെ കളി മെനഞ്ഞ് പ്രതിരോധം കടുപ്പിച്ച് പ്രത്യാക്രമണം വേണ്ട സമയത്ത് നടത്തി പെപിന്റെ കടുത്ത ആക്രമണ തന്ത്രത്തെ പൊളിച്ച തോമസ് ടുഷല്‍ എന്ന ജര്‍മന്‍ കോച്ചിന്റെ ബുദ്ധിയാണ് ഫൈനലില്‍ ചെല്‍സിക്ക് രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനുള്ള അവസരം നല്‍കിയത്. പ്രതിഭാധനനായ മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്ക് നിറഞ്ഞു കളിക്കാന്‍ അവസരം ഒരുക്കിയുള്ള ടുഷലിന്റെ മാജിക്കാണ് ബ്ലൂസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 

പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്ന് പുറത്തായി വലിയ താമസമില്ലാതെയാണ് ടുഷല്‍ ചെല്‍സി പരിശീലകനായി രംഗത്തെത്തുന്നത്. ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ചെല്‍സി തപ്പിത്തടയുമ്പോഴാണ് ടുഷല്‍ സീസണ്‍ പാതിയില്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയത്. ജര്‍മന്‍ കോച്ച് വരുമ്പോള്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു. ലീഗ് അവസാനിക്കുമ്പോള്‍ അവര്‍ ആദ്യ നാലില്‍ എത്തിയിരുന്നു. പിന്നാലെ ചാമ്പ്യന്‍സ് ലീഗ് കിരീടവും. ടുഷല്‍ ചെല്‍സിയുടെ ഭാഗ്യമായി മാറിയെന്ന് സാരം.

രസകരമായ മറ്റൊരു സംഗതി കൂടി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്ന ആ രാത്രിയില്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ സീസണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നെ ടുഷല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചിരുന്നു. അന്ന് പക്ഷേ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് തല കുനിച്ച് മടങ്ങാനായിരുന്നു ടുഷലിന്റെ വിധി. അന്ന് തല കുനിച്ച് മടങ്ങിയ ടുഷല്‍ ഒരു വര്‍ഷത്തിനിപ്പുറം തല ഉയര്‍ത്തി മടങ്ങിയതിന് പിന്നില്‍ ഒരു ഷൂവിന്റെ നിര്‍ണായക സാന്നിധ്യം കൂടിയുണ്ട്. 

പിഎസ്ജി കോച്ചായിരിക്കുമ്പോള്‍ ടീമിന്റെ പ്രസിഡന്റായ നാസര്‍ അല്‍ ഖെലെയ്ഫി ടുഷലിന് ഒരു ഷൂ സമ്മാനിച്ചു. ഹോക വണ്‍ വണ്‍ എന്ന കമ്പനിയുടെ ബോണ്ടി സെവന്‍ എന്ന ഷൂവാണ് ടുഷലിന് അദ്ദേഹം സമ്മാനിച്ചത്. അന്ന് ടുഷല്‍ അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം ഈ ഷൂ ധരിച്ച് താന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഡഗൗട്ടില്‍ നില്‍ക്കും എന്നായിരുന്നു. എന്നാല്‍ ടുഷല്‍ അന്ന് മറ്റൊരു ഷൂ ധരിച്ചാണ് ഫൈനലിനെത്തിയത്. ഫലം പിസ്ജിയുടെ തോല്‍വിയായിരുന്നു. 

ഒരു വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ ഡഗൗട്ടില്‍ ടുഷല്‍ നിന്നത് അന്ന് പിഎസ്ജി പ്രസിഡന്റ് സമ്മാനിച്ച ഷൂ ധരിച്ചായിരുന്നു. ഫലം ചെല്‍സി ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടി. 

നൈക്കിയാണ് ചെല്‍സിയുടെ ഒഫീഷ്യല്‍ ഷൂ പാര്‍ട്‌നര്‍. ടുഷല്‍ യഥാര്‍ത്ഥത്തില്‍ ധരിക്കേണ്ടിയിരുന്നതും ആ ഷൂ ആയിരുന്നു. എന്നാല്‍ അദ്ദേഹം പിഎസ്ജി പ്രസിഡന്റ് സമ്മാനിച്ച ഹോക ഷൂ ധരിച്ചാണ് എത്തിയത്. മത്സര ശേഷം ഈ ഷൂ തന്റെ ഭാഗ്യ ഷൂവാണെന്ന് ടുഷല്‍ പറഞ്ഞതോടെയാണ് സംഭവം ശ്രദ്ധയില്‍ വരുന്നത്. 

കിരീട നേട്ടത്തിന് പിന്നാലെ ഡ്രസിങ് റൂമില്‍ വച്ച് ചെല്‍സി താരങ്ങള്‍ ചേര്‍ന്ന് ഈ ഷൂ ഉയര്‍ത്തി ആഘോഷിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. എന്തായാലും ടുഷലിന് ഭാഗ്യം കൊണ്ടു വന്നത് ആ ഷൂവാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതേപോലെ ചെല്‍സിയുടെ ഭാഗ്യമായി ടുഷലും മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com