ഒളിംപിക്‌സിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; ഗുസ്തി താരം സുമിത് മാലിക് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സസ്‌പെന്‍ഷന്‍

ഒളിംപിക്‌സിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; ഗുസ്തി താരം സുമിത് മാലിക് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സസ്‌പെന്‍ഷന്‍
സുമിത് മാലിക്/ ട്വിറ്റർ
സുമിത് മാലിക്/ ട്വിറ്റർ

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഒളിംപിക്‌സ് ഗുസ്തിയില്‍ യോഗ്യത നേടിയ സുമിത് മാലിക് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് താരത്തെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തു. 

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 125 കിലോ വിഭാഗം ഗുസ്തിയില്‍ മത്സരിച്ച് സ്വര്‍ണം നേടിയ താരമാണ് സുമിത്. ബള്‍ഗേറിയയില്‍ നടന്ന ഒളിംപിക്‌സ് യോഗ്യതാ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി താരം ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായത്. ഒളിംപ്കിസ് യോഗ്യത ഉറപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍ക്ക് ലഭിച്ച അവസാന അവസരമായിരുന്നു ബള്‍ഗേറിയയിലെ ഇവന്റ്. 

യുനൈറ്റഡ് വേള്‍ഡ് റസ്ലിങ് (യുഡബ്ല്യുഡബ്ല്യു) ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കഴിഞ്ഞ ദിവസമാണ് താരം പരിശോധനയില്‍ പരാജയപ്പെട്ട വിവരം കൈമാറിയത്. ആദ്യ സാംപിള്‍ പരിശോധനയിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്. ഇനി ബി സാംപിള്‍ ഈ മാസം 10ന് പരിശോധിക്കും. ഇതിലും പരാജയപ്പെട്ടാല്‍ താരത്തിന് വിലക്കടക്കമുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി വരും. 

ഒളിംപിക്‌സ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ ദേശീയ ക്യാമ്പിനിടെ സുമിതിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പിന്നാലെ ഇതിന് ചികിത്സ തേടി. അതിന് ശേഷം ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ പങ്കെടുത്തെങ്കിലും അതില്‍ പരാജയപ്പെട്ടു. പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. പിന്നാലെയാണ് ബള്‍ഗേറിയയില്‍ നടന്ന പോരാട്ടത്തില്‍ യോഗ്യത നേടിയത്. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി താരം പോളണ്ടില്‍ നടക്കുന്ന പോരാട്ടം ഒഴിവാക്കാനുള്ള ആലോചയിലായിരുന്നു. അതിനിടെയാണ് പരിശോധന ഫലം തിരിച്ചടിയായി മാറിയിരിക്കുന്നത്. 

താരം പരിക്കു പറ്റിയപ്പോള്‍ ഉപയോഗിച്ച ആയുര്‍വേദ മരുന്നുകളില്‍ ഏതെങ്കിലും നിരോധിത പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. അത് തിരിച്ചടിയായി മാറിയെന്നാണ് കരുതുന്നത്. സുമിത് മനഃപൂര്‍വം ഉത്തേജക മരുന്ന് ഉപയോഗിക്കുമെന്ന് കരുതുന്നില്ല. പക്ഷേ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ താരം കൂടുതല്‍ കരുതലുകള്‍ സ്വീകരിക്കേണ്ടിയിരുന്നു- അധികൃതരിലൊരാള്‍ വ്യക്തമാക്കി. 

പ്രാഥമികാംഗത്വം സസ്‌പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താരത്തിന് അവസരമുണ്ട്. എന്നാല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അതുകൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

2016ല്‍ റിയോ ഒളിംപിക്‌സിന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴും സമാനമായ അവസ്ഥ ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു. അന്ന് യോഗ്യത നേടിയ നരസിങ് പഞ്ചം യാദവ് എന്ന താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. രണ്ട് സാംപിളുകളും പോസിറ്റീവായതോടെ താരത്തിന് നാല് വര്‍ഷം വിലക്കും നേരിടേണ്ടി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com